hc

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നിർദിഷ്ട ആനക്കാംപൊയിൽ–മേപ്പാടി തുരങ്ക പാതയെക്കുറിച്ച് ചോദ്യവുമായി ഹൈക്കോടതി. എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷമേ തുരങ്കത്തിന്‍റെ കാര്യം തീരുമാനിക്കാവൂ എന്ന് കോടതി വ്യക്തമാക്കി. കേരളത്തിന്‍റെ ഹിൽ സ്റ്റേഷനുകളിലെ ടൂറിസം കേന്ദ്രങ്ങളുടെ വാഹകശേഷിയെക്കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.

 

തുരങ്ക നിർമ്മാണത്തിന് എതിരല്ലെന്നും എന്നാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന മേഖലയാണെന്ന സാഹചര്യത്തിൽ എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷമേ ഇത്തരം കാര്യങ്ങൾ തീരുമാനിക്കാവൂ എന്നുമാണ് കോടതി വ്യക്തമാക്കി. വയനാട്ടിൽ തുരങ്കം നിർമിക്കുന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ എല്ലാ കാര്യങ്ങളും പരിഗണിച്ചിരുന്നോ എന്ന് കോടതി ആരാഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് തുടക്കത്തിൽ തന്നെ കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.

കേരളത്തിലെ ഹിൽ സ്റ്റേഷനുകളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വാഹകശേഷി വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മറ്റൊരു നിർദേശം. സഞ്ചാരികളുടെ എണ്ണം, താമസിക്കാനുള്ള സ്ഥലങ്ങൾ, വാഹനങ്ങൾ, വിഭവശേഷി, അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യ–വന്യജീവി സംഘർഷങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും ഇതിൽ ഉണ്ടാകണം. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട്  ഇല്ലെങ്കിൽ 3 ആഴ്ച കൊണ്ട് പഠനം നടത്തി സമർപ്പിക്കാൻ സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകണം. വയനാട്ടിൽ ദുരിത ബാധിതരുടെ താൽക്കാലിക പുനരധിവാസം  പൂർത്തിയായെന്ന് സർക്കാർ അറിയിച്ചു. മന്ത്രാലയങ്ങൾ തമ്മിലുള്ള ചർച്ച നടക്കുന്നുവെന്നും, ആറാഴ്ച്ചയ്ക്കുള്ളിൽ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതേസമയം, നിയമപ്രകാരമുള്ള  ദുരന്തനിവാരണ പദ്ധതികൾ  വിവിധ വകുപ്പുകളിൽ ആവിഷകരിച്ചിട്ടില്ലെന്നാണ് അമിക്കസ് ക്യൂറി അറിയിച്ചത്.

ENGLISH SUMMARY:

Kerala High Court Raises Concerns Over Anakkampoyi-Meppadi Tunnel Amidst Wayanad Landslide