മലപ്പുറത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വീട്ടമ്മയുടെ ബലാല്‍സംഗ ആരോപണം വിവാദത്തില്‍. മലപ്പുറം മുന്‍.എസ്.പി സുജിത് ദാസും സി.ഐ വിനോദും ബലാല്‍സംഗം ചെയ്തെന്നും ഡിവൈഎസ്പി വിവി ബെന്നി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് വീട്ടമ്മ ആരോപണം ഉന്നയിച്ചത്. എന്നാല്‍ മുട്ടില്‍ മരംമുറി കേസ് പ്രതികളുടെ വിരോധമാണ് കള്ളപ്പരാതിക്കു പിന്നിലെന്ന് ഡിവൈഎസ്പി ബെന്നി പ്രതികരിച്ചു. ക്രിമിനല്‍ ഗൂഢാലോചനയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് എസ്.പി സുജിത്ദാസ് പറഞ്ഞു.
എഡിജിപി അജിത്കുമാറിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ പി.വി.അന്‍വറിന്‍റെ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് ബലാല്‍സംഗ ആരോപണവുമായി വീട്ടമ്മ രംഗത്തെതത്തിയത്. 2022ല്‍ കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയതിന് പിന്നാലെ പൊന്നാനി എസ്എച്ച്ഒ വിനോദ് വലിയാട്ടൂര്‍ വീട്ടിലെത്തി ബലാല്‍സംഗം ചെയ്തു. തിരൂര്‍ ഡിവൈഎസ്.പി ആയിരുന്ന, ഡിവൈഎസ്പി ബെന്നി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇവര്‍ രണ്ടുപേര്‍ക്കുമെതിരെ പരാതി നല്‍കാന്‍ ചെന്നതിന് പിന്നാലെ എസ്.പി.സുജിത് ദാസ് ബലാല്‍സംഗം ചെയ്തു–ഇങ്ങനെയാണ് ആരോപണം.
പൊന്നാനി എസ്എച്ച്ഒ വിനോദിനെതിരെ ബലാല്‍സംഗപരാതിയുമാണ് ഈ സ്ത്രീ എത്തിയതെന്നും പരാതി കളവാണെന്ന്് കണ്ടെത്തിയെന്നും സുജിത് ദാസ് മനോരമ ന്യൂസിനോട് പറഞ്ഞു. പൊലീസുകാര്‍ ബലാല്‍സംഗം െചയ്തെന്ന പരാതി കള്ളമെന്നായിരുന്നു രണ്ട് വര്‍ഷം മുന്‍പ് നടത്തിയ അന്വേഷണത്തിലെ റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതി വ്യാജമെന്ന് തെളിഞ്ഞതോടെയാണ് എഫ്ഐആര്‍ ഇടാതിരുന്നതെന്ന് ഡിവൈഎസ്പി ബെന്നി പറഞ്ഞു. തനിക്കെതിരായ പരാതിക്ക് പിന്നില്‍ മുട്ടില്‍ മരംമുറി കേസിലെ പ്രതികളാണെന്നും ഡിവൈഎസ്പി. ആരോപണം തള്ളി സി.ഐ വിനോദും രംഗത്തുവന്നു.