filming-in-hospital-ai-image

സര്‍ക്കാര്‍ ആശുപത്രികളില്‍ ഷൂട്ടിങ് ഒഴിവാക്കണമെന്ന് മനുഷ്യവകാശ കമ്മിഷന്‍. അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഫഹദ് ഫാസിലിന്റെ സിനിമ ചിത്രീകരണം വിവാദമായതിന് പിന്നാലെയാണ് ഉത്തരവ്. അത്യാഹിത വിഭാഗം പോലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രികളിൽ ആണ് സിനിമ ചിത്രീകരണത്തിന് നിയന്ത്രണം. സർക്കാർ ആശുപത്രികളിലെ ഷൂട്ടിങ് പൂർണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.

അങ്കമാലി താലൂക്ക് ആശുപത്രിയിലെ സിനിമാ ചിത്രീകരണത്തില്‍ മനുഷ്യാവകാശ കമ്മിഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നും രോഗിയുമായി വന്ന തന്റെ വാഹനം തടഞ്ഞുവെന്നുമാണ് ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഓട്ടോഡ്രൈവർ സിബീഷ് പറഞ്ഞിരുന്നത്. പിന്നാലെ വിവാദത്തില്‍ മനുഷ്യാവകാശ കമ്മിഷനും ആരോഗ്യ മന്ത്രിയും ഇടപെടുകയും എറണാകുളം ജില്ലാമെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

പരിമിതമായ സ്ഥലത്ത് അമ്പതിലേറെ സിനിമ പ്രവർത്തകർ ലൈറ്റും ക്യാമറയും മറ്റ് ഉപകരണങ്ങളും വച്ച് ചിത്രീകരണം നടത്തിയതാണ് വിവാദമായത്. ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളി എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിന് ആരോഗ്യവകുപ്പ് ഡയറക്ടറാണ് അനുമതി നൽകിയെന്നത് വ്യക്തമായതോടെ ആരോഗ്യ മന്ത്രി വിശദീകരണം തേടിയിരുന്നു. നേരത്തെ ഷൂട്ടിങിന് അനുമതി വാങ്ങിയതിൽ പിഴവില്ലെന്ന് വിശദീകരിച്ച് നിർമാതാക്കളുടെ സംഘടന സിനിമ പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.