പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ കയ്യാങ്കളിയിൽ രണ്ട് മുതിർന്ന നേതാക്കൾക്ക് താക്കീത്. മുൻ എംഎൽഎ എ.പത്മകുമാറിനും മുതിർന്ന നേതാവ് പി.ബി.ഹർഷകുമാറിനുമാണ് താക്കീത്. തോമസ് ഐസക്കിൻറെ തിരഞ്ഞെടുപ്പ് പ്രചാരണം പരാജയം എന്ന് ആരോപിച്ചായിരുന്നു പ്രചാരണ കാലത്തെ ഏറ്റുമുട്ടൽ.
മൂന്നാംതീയതി മന്ത്രി വി.എൻ.വാസവൻ കൂടി പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിൻറെ നിർദേശപ്രകാരം ഇരുവരേയും താക്കീത് ചെയ്തത്. കഴിഞ്ഞ മാർച്ച് മാസം 25ന് മന്ത്രി വി.എൻ.വാസവൻ പങ്കെടുത്ത യോഗത്തിൽ തന്നെ ആയിരുന്നു കയ്യാങ്കളി. തോമസ് ഐസക്കിൻറെ തിരഞ്ഞെടുപ്പ് പ്രചാരണം പോരെന്ന ഹർഷകുമാറിൻറെ പരാമർശമാണ് പത്മകുമാറിനെ ചൊടിപ്പിച്ചതും സംഘർഷമുണ്ടായതും. തൊട്ടടുത്ത ദിവസം എ.പത്മകുമാറിനേയും പി.ബി.ഹർഷകുമാറിനേയും ഒരുമിച്ചിരുത്തിയാണ് ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു കയ്യാങ്കളി വാർത്ത നിഷേധിച്ചത്.
മന്ത്രി വി.എൻ.വാസവനും സംഭവം നിഷേധിച്ചിരുന്നു. സംസ്ഥാന നേതാക്കൾ അടക്കം ഇടപെട്ടാണ് അന്ന് പത്മകുമാറിനെ അനുനയിപ്പിച്ചത്.