onam-special-train

TOPICS COVERED

ഓണം കൂടാന്‍ നാട്ടിലേക്കുവരാന്‍ തയാറെടുക്കുന്ന ബെംഗളുരു മലയാളികളോടു റയില്‍വേയുടെ കൊടും ചതി. സ്പെഷല്‍ ട്രെയിന്‍ ഇതുവരെ പ്രഖ്യാപിച്ചില്ല. അവസരം മുതലെടുത്തു സ്വകാര്യ ബസുകള്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുകയാണ്. 

 

സ്ഥിരം ട്രെയിനുകളില്‍ ബുക്കിങ്  മാസങ്ങള്‍ക്കു മുന്‍പേ തീര്‍ന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ ഓണമുണ്ണാനായി കേരളത്തിലേക്ക് പോകുന്ന പതിമൂന്ന് പതിനാല് തിയ്യതികളില്‍ ഇതുവരെ സ്പെഷ്യല്‍ അനുവദിച്ചിട്ടില്ല. പകരം ഓണം സ്പെഷ്യലായി കഴിഞ്ഞ ബുധന്‍ വെള്ളി ദിവസങ്ങളില്‍ എറണാകുളത്തു ബെംഗളുരുവിലേക്കും  വ്യാഴം ശനി  തിരിച്ചും പ്രത്യേക ട്രെയിന്‍ ഓടിച്ചു കടമ തീര്‍ത്തു.

യശ്വന്ത്പൂര്‍ സ്റ്റേഷനിലെ നവീകരണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ആകെയുണ്ടായിരുന്ന ഗരീബ് രഥ് നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ഏറെ യാത്രക്കാരുള്ള മലബാറിലേക്ക് സ്പെഷ്യല്‍ ട്രെയിനെ കുറിച്ച് ആലോചന പോലും റയില്‍വേയ്ക്കില്ല.

സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നു കഴിഞ്ഞ തവണ ഉത്രാട ദിനം രാത്രി പ്രത്യേക ട്രെയിന്‍ അനുവദിച്ചിരുന്നു. അവസാന മണിക്കൂറുകളില്‍ അനുവദിച്ചതിനാല്‍ തന്നെ ട്രെയിന്‍ ആളില്ലാതെ ഓടി. തിരുവോണനാളില്‍ പുലര്‍ച്ചെ തിരിച്ചുള്ള സര്‍വീസും നടത്തിയതിനാല്‍ ഓണം കഴിഞ്ഞുള്ള മടക്കയാത്രയ്ക്കും ട്രെയിന്‍ ഉപകാരപ്പെട്ടില്ല.