TOPICS COVERED

എസ് പി ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട്  സുജിത് ദാസിനെതിരായ പരാതിയില്‍ തെളിവെടുപ്പിന് ഹാജരാകാന്‍ എസ്ഐ എൻ.ശ്രീജിത്തിന് ഡിഐജിയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം പൊന്നാനിയിലെ വീട്ടമ്മ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ച ലൈംഗീക പീഡന പരാതി മുട്ടില്‍ മരം മുറികേസിനെ ബാധിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. 

മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫീസില്‍ നിന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയതിലെ അഴിമതി ആരോപിച്ച് നല്‍കിയ പരാതിയിലാണ് മൊഴി നല്‍കാന്‍ എസ് ഐ എന്‍ ശ്രീജിത്തിന് നിര്‍ദേശം. ഡിഐജി തോംസണ്‍ ജോസാണ് കേസ് അന്വേഷിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എസ് പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശ്രീജിത്ത് നിലവില്‍ സസ്പെന്‍ഷനിലാണ്.

ശ്രീജിത്തിന്‍റെ പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ചാണ് പി വി അന്‍വര്‍ എം എല്‍എ രംഗത്ത് വരുന്നത്. പൊലീസിലെ ഉന്നത ഉദ്യേഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. അന്‍വറിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നാലെ എസ് പിക്കും സിഐക്കുമെതിരെ ലൈംഗിക പീഡന പരാതിയുമായി വീട്ടമ്മ രംഗത്തെത്തി. വീട്ടമ്മയുടെ പരാതി മുട്ടില്‍ മരം മുറിക്കേസിലെ പക തീര്‍ക്കാനെന്ന പരാതി ഉയര്‍ന്നതോടെയാണ് മുട്ടില്‍ മരംമുറികേസ് ദുര്‍ബലമാകില്ലെന്ന മന്ത്രി എ കെ ശശീന്ദ്രന്‍റെ പ്രതികരണം. 

എം എല്‍എ ഉന്നയിച്ച പതിനഞ്ച് പരാതികളില്‍ ഡിഐജി പി വി അന്‍വവറിന്‍റെ വിശദമായ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.