നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തുമായി ഇടഞ്ഞ് പി.വി.അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡിസിസി പ്രസിഡന്‍റ് വി.എസ്.ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്‍വര്‍ ഷൗക്കത്തിനെ പരിഹസിച്ചത്. ‘ഷൗക്കത്തോ? അതാരാ, ആര്യാടന്റെ മകനല്ലേ, സിനിമയൊക്കെ എടുത്ത് നടക്കുകയല്ലേ?. അയാള്‍ കഥയെഴുതുകയാണ്, അദ്ദേഹത്തെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്?’ – അന്‍വര്‍ ചോദിച്ചു.

താന്‍ ആരെന്ന് ജനങ്ങള്‍ക്കറിയാമെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്‍റെ മറുപടി. ‘നിലമ്പൂരില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന് പാര്‍ട്ടി തീരുമാനിക്കും. വി.എസ്.ജോയിയുമായി തര്‍ക്കമില്ല. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ആളുകളാണ്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് എപ്പോഴുണ്ടായാലും നേരിടാന്‍ സദാസന്നദ്ധമായി നില്‍ക്കുകയാണ് അവിടത്തെ യുഡിഎഫ് സംവിധാനം.’ ആര് സ്ഥാനാര്‍ഥിയായാലും വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിക്കാന്‍ കഴിയുന്ന അന്തരീക്ഷം നിലമ്പൂരിലുണ്ടെന്നും ഷൗക്കത്ത് പറഞ്ഞു.

നിയമസഭാംഗത്വം രാജിവച്ച പി.വി.അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അവിടെ യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നിരുപാധിക പിന്തുണ നല്‍കും യുഡിഎഫ് നേതൃത്വത്തോട് ഒരു അഭ്യര്‍ഥനയും ആവശ്യവും എന്ന നിലയിലാണ് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടത്. ‘നിലമ്പൂര്‍ മലയോരമേഖലയാണ്. അവിടെ വന്യജീവി സംഘര്‍ഷം ഉള്‍പ്പെടെ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. വനത്തോട് ചേര്‍ന്ന മേഖലയില്‍ ജനിച്ചുവളര്‍ന്ന് അവിടെത്തന്നെ താമസിക്കുന്ന വി.എസ്.ജോയിക്ക് ഇക്കാര്യത്തില്‍ ആഴത്തില്‍ അറിവും പ്രശ്നങ്ങളില്‍ ഇടപെട്ടുള്ള പരിചയവും ഉണ്ട്.’ – അന്‍വര്‍ പറഞ്ഞു. 

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പിണറായിസത്തിന്‍റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കുമെന്നും പി.വി.അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ നിയമസഭയില്‍ ഉന്നയിച്ച 150 കോടി രൂപയുടെ അഴിമതി ആരോപണം ചതിയായിരുന്നുവെന്ന് അന്‍വര്‍ വെളിപ്പെടുത്തി. ‘ആരോപണം മൂലം വി.ഡി.സതീശനുണ്ടായ മാനഹാനിക്ക് അദ്ദേഹത്തോട് മാപ്പുപറയുന്നു. കേരളസമൂഹത്തോടും വി.ഡ‍ി.സതീശന്‍റെ കുടുംബത്തോടും നിരുപാധികം മാപ്പപേക്ഷിക്കുകയാണ്. അപേക്ഷ സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവിനോട് അഭ്യര്‍ഥിക്കുന്നു.’– സ്പീക്കര്‍ക്ക് രാജി നല്‍കിയശേഷം അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ENGLISH SUMMARY:

PV Anwar mocked Aryadan Shoukath