തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തിന് നാലാംനാളും പരിഹാരമായില്ല. വൈകിട്ട് നാലുമണിയോടെ പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പു പാഴ് വാക്കായി. വൈകിട്ടോടെ പമ്പിങ് തുടങ്ങും എന്നാണ് മന്ത്രി രാവിലെ പറഞ്ഞത്. എന്നാൽ അറ്റകുറ്റപ്പണി അന്തിമഘട്ടത്തിൽ എത്തിയപ്പോൾ പൈപ്പ് ലൈനിലെ അലൈൻമെന്റില്‍ വ്യത്യാസം കണ്ടെത്തി. ഇത് പൂർത്തിയാക്കാൻ ഒരുമണിക്കൂർ കൂടി എടുക്കും.

ഒന്നര മണിക്കൂറിനകം പ്രശ്നപരിഹാരമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ കുടിവെള്ളം മുട്ടിയത് നഗരത്തിലെ അഞ്ചുലക്ഷം പേര്‍ക്കാണ്. അതിനിടെ കുടിവെള്ള ക്ഷാമം കാരണം തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ  അവധി. കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

അതിനിടെ തലസ്ഥാനത്ത് ഒരിറ്റ് വെള്ളം കിട്ടാതെ നാല് ദിവസമായി ലക്ഷക്കണക്കിന് ആളുകൾ വലയുമ്പോൾ പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു പൊലീസ്. കുടിവെള്ള പ്രശ്നത്തിൽ പ്രതിഷേധിച്ച് മന്ത്രി റോഷി അഗസ്റ്റിൻ്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ഒഴിഞ്ഞ കുടവുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

ENGLISH SUMMARY:

Drinking water supply not resolved; Tomorrow is a holiday for schools in Thiruvananthapuram