ajith-kumar

പാര്‍ട്ടിയിലെ കടുത്ത സമ്മര്‍ദത്തിനിടയിലും എ.ഡി.ജി.പി M.R അജിത്കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി. ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പ്രത്യേക അന്വേഷണത്തിന് ഇതുവരെ നിര്‍ദേശം നല്‍കിയില്ല. അജിത്കുമാറിനെ മാറ്റണമെന്ന് നാളത്തെ എല്‍.ഡി.എഫ് യോഗത്തില്‍ ആവശ്യപ്പെടാന്‍ സി.പി.ഐ തീരുമാനം. അജിത്കുമാറിന്റെ കൂടിക്കാഴ്ച സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് ടി.പി.രാമകൃഷ്ണന്‍ ആവര്‍ത്തിച്ചു. നാളെ മുന്നണി യോഗം നടക്കാനിരിക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് അഭ്യൂഹം ശക്തമായി.

 

മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായ അജിത്കുമാറും ആര്‍.എസ്.എസ് നേതാക്കളുമായുള്ള ബന്ധം സ്ഥിരീകരിച്ചിട്ട് അഞ്ച് ദിവസമായി. അന്ന് മുതല്‍ അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പടെ ഭൂരിഭാഗം നേതാക്കളും. ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ പ്രത്യേക അന്വേഷണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെന്നുമാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ആവര്‍ത്തിക്കുന്നത്. 

എന്നാല്‍ ഇന്നലെ ഡി.ജി.പിയെ കണ്ടപ്പോഴും പ്രത്യേക അന്വേഷത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയില്ല. അതോടെ ഡി.ജി.പി ഡെല്‍ഹിക്ക് പോയി. നിലവില്‍ നടക്കുന്നത് പി.വി.അന്‍വറിന്റെ പരാതിയിലെ അന്വേഷണം മാത്രമാണ്. അതില്‍ ആര്‍.എസ്.എസ് കൂടിക്കാഴ്ച പരാമര്‍ശിക്കുന്നുമില്ല. അതിനാല്‍ ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ പ്രത്യേക അന്വേഷണം ഒഴിവാക്കി വിശ്വസ്തനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. ഇതിനെതിരെ മുന്നണിക്കുള്ളില്‍ സമ്മര്‍ദവും പ്രതിഷേധവും ശക്തമാണ്.

സംസ്ഥാന സെക്രട്ടറി ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ ഇനിയും സംരക്ഷിച്ചാല്‍ മുഖ്യമന്ത്രിക്കും ആര്‍.എസ്.എസ് ബന്ധമെന്ന ആരോപണം ജനം വിശ്വസിക്കുമെന്നും അത് രാഷ്ട്രീയ തിരിച്ചടിയെന്നുമാണ് സി.പി.എം വിലയിരുത്തല്‍. അതിനാല്‍ നാളത്തെ എല്‍.ഡി.എഫ് യോഗത്തിന് മുന്‍പ് തീരുമാനമുണ്ടാകുമെന്ന് സി.പി.എം നേതാക്കള്‍ പ്രതീക്ഷിക്കുന്നു. 

വിവാദത്തിന്റെ തുടക്കം മുതല്‍ മൗനം പാലിക്കുന്ന മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനം വിളിക്കുകയോ പൊതുയോഗത്തില്‍ പ്രതികരിക്കുകയോ ചെയ്യുമെന്ന അഭ്യൂഹം ശക്തമാണ്. പക്ഷെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ENGLISH SUMMARY:

Despite intense pressure within the party, the Chief Minister has protected ADGP M.R. Ajithkumar. No directive for a special investigation has been given following ADGP's meetings with RSS leaders