എഡിജിപി എം.ആര്‍. അജിത് കുമാറിനെ മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ. ക്രമസമാധാനചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ആവശ്യം. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണമെന്നും സിപിഐ ദേശീയ നിര്‍വാഹകസമിതി അംഗം പ്രകാശ് ബാബു ജനയുഗത്തിലെഴുതിയ ലേഖനത്തില്‍ ആവശ്യപ്പെടുന്നു. കൂടിക്കാഴ്ച ഔദ്യോഗികമോ വ്യക്തിപരമോ എന്ന് പറയേണ്ട ബാധ്യത എഡിജിപിക്ക് ഉണ്ടെന്നും േലഖനത്തില്‍ പറയുന്നു.
എഡിജിപിക്കെതിരായ നടപടി ഒരുകാരണവശാലും നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കാനാവില്ലെന്നും അത് തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് മാത്രമുള്ളതാണെന്നും പ്രകാശ്ബാബു മനോരമന്യൂസിനോട് പ്രതികരിച്ചു. ആര്‍.എസ്.എസ് കൂടിക്കാഴ്ച രാഷ്ട്രീയ പ്രശ്നമാണ്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധവും. രാഷ്ട്രീയപ്രശ്നം ഉദ്യോഗസ്ഥന് എങ്ങനെ കണ്ടുപിടിക്കാനാവുമെന്നും അദ്ദേഹം ചോദ്യമുയര്‍ത്തുന്നു. എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ മുഖ്യമന്ത്രിക്ക് വഴങ്ങിയത് തര്‍ക്കം ഒഴിവാക്കാനാണ്. നടപടി നീട്ടിക്കൊണ്ട് പോകുന്നത് എല്‍ഡിഎഫിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എ.ഡി.ജി.പി അജിത്കുമാറിന്റെ ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ തുടര്‍നടപടി നിര്‍ദേശിക്കാതെ മുഖ്യമന്ത്രിയുടെ ഓഫിസ്. മുന്നണിയോഗത്തില്‍ പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തിന് ഉത്തരവിട്ടില്ല.