TOPICS COVERED

കോഴിക്കോട് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യാപാരിയുമായ മാമി തിരോധാന കേസിൽ മാമിയുമായി അടുത്ത ബന്ധമുള്ളയാളെ  കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം. ഇയാളുടെ ഫോണിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുക. അതേസമയം, തുടരന്വേഷണത്തിന്‍റെ ഭാഗമായി പ്രത്യേക  സംഘം ഇന്ന് യോഗം  ചേരും.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 21 ന് ആണ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം  വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. നേരത്തെ കേസ് അന്വേഷിച്ച  മലപ്പുറം ജില്ലാ പൊലീസ് മേധാവി തയ്യാറാക്കിയ കേസ് ഡയറിയും ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസിന്‍റെ  അതേദിശയിൽ തന്നെയാണ് ക്രൈംബ്രാഞ്ചിന്‍റേയും അന്വേഷണം. 

മാമിയുമായി  അടുത്ത ബന്ധത്തിലുള്ളയാളുടെ ഫോൺ അടക്കം ഫോറൻസിക് പരിശോധനയ്ക്ക് നേരത്തെ വിധേയമാക്കിയിരുന്നു. ഇതിൽ നിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുമുണ്ട്. ഇതിനെ കേന്ദ്രീകരിച്ചാവും ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം നടക്കുക. പൊലീസ് തയ്യാറാക്കിയ പ്രതി പട്ടികയിലുള്ളവരെ വിശദമായി ചോദ്യം ചെയ്യാനാണ്  ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.  അങ്ങനെയാണെങ്കിൽ കേസ് പെട്ടെന്ന് തെളിയിക്കാനാവുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. 

ENGLISH SUMMARY:

Crime branch investigation focusing on Mami's close relation in Mami's disappearance case