ഓണത്തിന്റെ ഓർമ്മകളിൽ എപ്പോഴും ഊഞ്ഞാൽ ഉണ്ടായിരിക്കും. വീട്ടുമുറ്റത്ത് ഊഞ്ഞാല് കെട്ടാൻ ഇനി അധികം കഷ്ടപ്പെടേണ്ടി വരില്ല. ഇത്തവണയും ഓണം വിപണിയിൽ ഹിറ്റായിരിക്കുകയാണ് റെഡിമെയ്ഡ് ഊഞ്ഞാലുകൾ.
ഓണക്കാലമായാൽ വീട്ടുമുറ്റത്തും തൊടിയിലെ മാവിൻ ചില്ലയിലും പ്രത്യക്ഷപ്പെട്ടിരുന്ന അതേ ഊഞ്ഞാലുകൾ. തിരക്കുകൾക്കിടയിൽ നമ്മൾ മറന്നു കളയുന്ന ഊഞ്ഞാലുകൾ ആലപ്പുഴ തോട്ടംകുളങ്ങരയിൽ ജോമോന്‍റെ കടയിൽ ഉണ്ട്. കയർ ഒരുക്കുകയോ തടി വെട്ടുകയോ ഒന്നും വേണ്ട. ഊഞ്ഞാൽ കെട്ടാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ മാത്രം മതി.
പല നീളത്തിലും വീതിയിലും ലഭ്യമാണ്. ഗുണമേന്മയുള്ള തടിയിലും പ്ലാസ്റ്റിക് കയറിലും നിർമ്മിക്കുന്നതിനാൽ ദീർഘനാൾ നിലനിൽക്കും. 250 മുതൽ 1000 രൂപ വരെയാണ് വില. പഴയ തലമുറയുടെ ഓണക്കഥകളിലൂടെ അല്ലാതെ പുതുതലമുറയ്ക്ക് ഊഞ്ഞാലുകളെ പരിചയപ്പെടുത്തുക കൂടിയാണ്. റെഡിമെയ്ഡ് ഊഞ്ഞാലുകൾ തേടി നിരവധി പേരാണ് കടയിൽ എത്തുന്നത്.