TOPICS COVERED

സ്​കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നതിനുള്ള സാധ്യത മങ്ങി.  ഭരണ, പ്രതിപക്ഷ അധ്യാപക–വിദ്യാര്‍ഥി സംഘടനകള്‍, വിദഗ്ധര്‍ എന്നിവര്‍ ഒറ്റക്കെട്ടായി ശനിയാഴ്ച പഠന ദിവസമാക്കുന്നതിനെ എതിര്‍ത്ത് രംഗത്തു വന്നിരിക്കുകയാണ്.  വിദ്യാഭ്യാസ സെക്രട്ടറി വിളിച്ചുചേര്‍ത്ത ഹിയറിങിലാണ്  അഭിപ്രായങ്ങള്‍ ഉയര്‍ന്നത്.  

ശനിയാഴ്ച പഠിപ്പു വേണ്ട,  വാരാന്ത്യം കുട്ടികള്‍ക്ക് കളിക്കാനും വിശ്രമിക്കാനുമുള്ള സമയമാണ്. വിദ്യാഭ്യാസ സെക്രട്ടറി വിളിച്ചുചേര്‍ത്ത ഹിയറിങ്ങില്‍ ഭരണ , പ്രതിപക്ഷ വ്യത്യാസമില്ലാതെ അധ്യാപകരും വിദ്യാര്‍ഥി സംഘടനകളും പിടിഎ പ്രതിനിധികളും ഈ അഭിപ്രായം പറഞ്ഞു. സ്കൂളുകളില്‍ ശനിയാഴ്ച കൂടി പഠനദിവസമാക്കിക്കൊണ്ട് 220 പ്രവര്‍ത്തി ദിനങ്ങള്‍ വേണമെന്ന സര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കുന്നവര്‍ കുറവാണെന്ന് തെളിയിക്കുന്നതായിരുന്നുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ചു ചേര്‍ത്ത ഹിയറിങ്. കുട്ടികളെ ആറു ദിവസം സ്കൂളിലിരുത്തുന്നത് ശരിയല്ലെന്നാണ് മനശാസ്ത്രജ്ഞരും വിദ്യാഭ്യാസ സെക്രട്ടറിയോട് പറഞ്ഞത്. സ്കൂള്‍ ഉള്ള ദിവസങ്ങളില്‍ കൃത്യമായ പഠനം ഉറപ്പാക്കണമെന്ന് പിടി എകള്‍ ആവശ്യപ്പെട്ടു. 200 പ്രവൃത്തി ദിവസങ്ങളെന്ന നിലയില്‍ അക്കാദമിക്ക് കലണ്ടര്‍ രൂപീകരിക്കണമെന്നായിരുന്നു അധ്യാപക സംഘടനകളുടെ നിലപാട്. 

220 പ്രവര്‍ത്തി ദിവസങ്ങളുള്ള അക്കാദമിക്ക് കലണ്ടര്‍ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസുകൊടുത്ത സ്കൂള്‍ മാനേജ്മെന്‍റുകള്‍ ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍ ഹിയറിങിന് വിളിച്ചത്. 

ENGLISH SUMMARY:

There is no possibility of making Saturday a working day in schools