അഞ്ചുദിവസം കഴിഞ്ഞിട്ടും തിരുവനന്തപുരം നഗരത്തിലെ ജലവിതരണം പൂര്‍ണമായും പുന:സ്ഥാപിക്കാനാകാതെ ജല അതോറിറ്റി. ഉയർന്ന പ്രദേശങ്ങളിൽ ഇന്നലെ രാത്രി വൈകിയും വെള്ളം എത്തിയിട്ടില്ല. ഇടപ്പഴഞ്ഞി, വട്ടിയൂർകാവ്, കൊടുങ്ങാനൂർ,അറപ്പുര, മേലാങ്കോട് ഭാഗങ്ങളിൽ ആണ് പ്രതിസന്ധി തുടരുന്നത്. രാവിലെയോടെ ജലവിതരണം പഴയപടിയിലാകും എന്നാണ് ജല അതോറിറ്റി അധികൃതരുടെ ഏറ്റവും ഒടുവിലത്തെ ഉറപ്പ്.
അതേസമയം, തിരുവനന്തപുരം നഗരത്തില്‍ അഞ്ച് ദിവസം വെള്ളം മുടങ്ങിയതില്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനും വീഴ്ചയെന്ന് ജല അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തല്‍. അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജല അതോറിറ്റി, ടെക്നിക്കല്‍ െമംബറെ നിയോഗിച്ചു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.
അഞ്ച് ദിവസം വെള്ളം മുട്ടിച്ച് നഗര വാസികളെ നെട്ടോട്ടമോടിച്ചതില്‍ മന്ത്രിമാരും ജനപ്രതിനിധികളും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് ജല അതോറിറ്റി ആഭ്യന്തര അന്വേഷണം തുടങ്ങിയത്. മുന്നൊരുക്കങ്ങളില്ലാതെ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലി തുടങ്ങിയതിലും പണി നീണ്ട് പോയപ്പോള്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിലും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നതാണ് ഇന്നലെ ചേര്‍ന്ന ജല അതോറിറ്റി യോഗത്തിന്‍റെ വിലയിരുത്തല്‍.
ജലവിതരണം നിര്‍ത്തിവച്ചുള്ള ജോലികള്‍ തുടങ്ങുന്നതിന് മുമ്പ് ക്രൈസിസ് മാനേജ്മെന്‍റ് യോഗം ചേര്‍ന്ന് പ്രത്യാഘാതങ്ങള്‍ വിലയിരുത്തണം. ഇത് ലഘൂകരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കണം. ഈ നടപടിക്രമങ്ങള്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. വാല്‍വുകള്‍ സ്ഥാപിച്ച് ശനിയാഴ്ച ഉച്ചയോടെ ജലവിതരണം ഭാഗികമായി പുന:സ്ഥാപിക്കാനായിരുന്നു തീരുമാനം. വാല്‍വുകള്‍ സ്ഥാപിച്ച് ശനിയാഴ്ച രാവിലെ പമ്പിങ് തുടങ്ങിയപ്പോഴാണ് ചോര്‍ച്ചയുണ്ടെന്ന് മനസ്സിലായത്. ഇതോടെ പമ്പിംഗ് നിര്‍ത്തിവച്ചു. ഇതുമൂലം പൈപ്പുകള്‍ മാറ്റുന്ന ജോലി മണിക്കൂറുകള്‍ തടസ്സപ്പെട്ടു.
മാറ്റി സ്ഥാപിക്കാന്‍ കൊണ്ടുവന്ന പൈപ്പുകളുടെ അലൈന്‍മെന്‍റുകളില്‍ തെറ്റ് സംഭവിച്ചതും പണി നീളാന്‍ കാരണമായി. ഇതെല്ലാം കരാറുകാരന്‍റെ വീഴ്ചയാണ്. ഈ കാര്യങ്ങളെല്ലാം പരിശോധിച്ച് ടെക്നിക്കല്‍ മെമ്പര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍.