farook-college-students-mvd

ഫാറൂഖ് കോളജ് വിദ്യാര്‍ഥികളുടെ ഗതാഗത നിയമ ലംഘനത്തില്‍ ഇടപെട്ട് ഹൈക്കോടതി. മോട്ടോര്‍ വാഹനവകുപ്പിനോടും പൊലീസിനോടും റിപ്പോര്‍ട്ട് തേടി. പത്ത് വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്ന് പൊലീസ് ഹൈക്കോടതിയില്‍‌. അതേസമയം അതിരുവിട്ട ഓണാഘോഷത്തിൽ കോഴിക്കോട് ഫാറൂഖ് കോളജിലെ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. 9 വിദ്യാർഥികൾക്ക് എതിരെയാണ് കേസ്. 10 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. അപകടകരമാം വിധം വാഹനം ഓടിച്ചതിനും ഗതാഗത തടസം സൃഷ്ടിച്ചതിനുമാണ് കേസ് . കഴിഞ്ഞ ദിവസം വാഹന ഘോഷയാത്രയിൽ മോട്ടോർ വാഹന വകുപ്പും കേസ് എടുത്തിരുന്നു.

 

അതേസമയം, കണ്ണൂര്‍ കാഞ്ഞിരോട് നെഹര്‍ കോളജ് വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിനിെട കാറിന്റെ ഡോറില്‍ കയറിയിരുന്ന് യാത്ര ചെയ്തു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.

കോഴിക്കോട് ഫാറൂഖ് കോളജിന് ശേഷം വീണ്ടും സമാനതരത്തില്‍ ഓണാഘോഷം. ജീവന്‍ പണയം വെച്ച് കാറുകളുടെ ഡോറുകളില്‍ കയറിയിരുന്ന് ആരവം മുഴക്കുന്ന വിദ്യാര്‍ഥികള്‍. ചിലര്‍ വാഹനത്തിന് മുകളില്‍. കാഞ്ഞിരോട് നെഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷത്തില്‍ നിന്നാണീ കാഴ്ച. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയ്ക്കിറങ്ങിയത്. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിന് പുറമെ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിത സാമൂഹ്യസേവനം ചെയ്യണമെന്നും എടപ്പാളിലെ ഡ്രൈവിങ് പരിശീലന കേന്ദ്രത്തിലെ ക്ലാസില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചു.

റോഡ‍ുകളിലേക്ക് അതിരുവിട്ടെത്തുന്ന ഓണാഘോഷം നിരീക്ഷിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തുനിഞ്ഞിറങ്ങിയിട്ടുണ്ട്. കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ENGLISH SUMMARY:

The Kerala High Court sought a report from the Motor Vehicles Department (MVD) and police on Friday after students of Farook College, Kozhikode, dangerously drove vehicles during a recent Onam celebration.