ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകാൻ ഇതുവരെ നടപടിയായില്ല. രണ്ട് മാസമായിട്ടും വീട് നിർമ്മിക്കാനുള്ള സ്ഥലം പോലും വാങ്ങിയിട്ടില്ല. ആറ്സെന്റ് സ്ഥലം വെറും രണ്ടര ലക്ഷം രൂപയ്ക്ക് വാങ്ങണമെന്ന തദ്ദേശ വകുപ്പ് ഉത്തരവാണ് പ്രതിസന്ധിക്ക് കാരണം. ഉത്തരവ് വന്നയുടൻ നടപടികൾ വേഗത്തിലാക്കുമെന്ന തിരുവനന്തപുരം മേയറുടെ ഉറപ്പും ഫലം കണ്ടില്ല.

കൃത്യം ഒരു മാസം മുൻപ് ജോയിയുടെ കുടുംബത്തിന് വീട് അനുവദിക്കാത്ത നടപടി ചൂണ്ടികാട്ടിയ മനോരമന്യൂസ്‌ വാർത്തയ്ക്ക് പിന്നാലെ മേയർ ആര്യ രാജേന്ദ്രന്റെ മറുപടി ഇങ്ങനെയായിരുന്നു. എന്നാൽ പിന്നീട് ഒരുമാസം കൂടി കഴിയുമ്പോളും അവസ്ഥയ്ക്ക് ഒരു മാറ്റമില്ല. വീട് വെക്കാനുള്ള സ്ഥലം പോലും വാങ്ങിയിട്ടില്ല.

വീട് നിർമ്മിക്കാനുള്ള സ്ഥലം ജില്ലാ പഞ്ചായത്ത് വാങ്ങി നൽകുമെന്നും അവിടെ കോർപറേഷനൻ വീട് വച്ചുനൽകാനുമായിരുന്നു തീരുമാനം. മാരായിമുട്ടത്ത് ജില്ലാ പഞ്ചായത്ത്  കണ്ടെത്തിയ ആറ് സെന്റ് സ്ഥലം വെറുംരണ്ടര ലക്ഷം രൂപയ്ക്ക് വാങ്ങണമെന്ന തദ്ദേശ വകുപ്പ് ഉത്തരവാണ് പ്രതിസന്ധിക്ക് കാരണം. 

അത്രയും സ്ഥലംവാങ്ങാൻ കുറഞ്ഞത് 7 ലക്ഷം രൂപയെങ്കിലും വേണമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ ആവശ്യം. ഇതിന് അനുമതിതേടിയുള്ള കത്തിന് ഇതുവരെയും തദ്ദേശ വകുപ്പിന്റെ മറുപടി ലഭ്യമായില്ല. ആശ്രിതന് കോർപറേഷനിൽ ജോലിനൽകുമെന്ന വാഗ്ദാനവും പാഴായി.