സഖാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ ഗവേഷണത്തിനായി വിട്ടുനൽകാനുള്ള സമ്മതപത്രത്തിൽ കുടുംബാംഗങ്ങൾ ഒപ്പുവച്ച വിവരം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് ചിന്ത ജെറോം. അദ്ദേഹത്തിന്റെ ശരീരം എയിംസ് അധികൃതർ ഏറ്റുവാങ്ങി. സഖാവ് സീതാറാം, നിങ്ങൾ എക്കാലവും ഞങ്ങൾക്ക് വഴികാട്ടും. റെഡ് സല്യൂട്ട് കോമ്രേഡ്! – ചിന്ത ഫെയ്സ്ബുക്കില്‍ കുറിച്ചു.
എകെജി ഭവനിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി ആയിരുന്നു യെച്ചൂരിയുടെ മൃതദേഹം എയിംസില്‍ എത്തിച്ചത്. രാഷ്ട്രീയ സാഹൂഹിക മേഖലയിലെ പ്രമുഖര്‍ വിലാപയാത്രയില്‍ പങ്കെടുത്തു. സിപിഎം, പി.ബി.– സിസി അംഗങ്ങള്‍ അന്ത്യാഭ്യവാദ്യം അര്‍പ്പിച്ചു.
പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങളും യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. ഇടറുന്ന ശബ്ദത്തില്‍ മുദ്രാവാക്യം മുഴക്കി. ഇന്ത്യ സഖ്യത്തിന്റെ അണിയറശില്‍പികളില്‍ പ്രധാനിയെ കാണാന്‍ സോണിയാഗാന്ധിയുമെത്തിയിരുന്നു.
ശരദ്പവാര്‍, കനിമൊഴി, പി.കെ.കുഞ്ഞാലിക്കുട്ടി, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങി രാഷ്ട്രീയ സാമൂഹ്യ, മത നേതാക്കള്‍ ഓരോരുത്തരായി അന്ത്യാഞ്ജലിയര്‍പ്പിച്ചു. യെച്ചൂരിയെ അവസാനമായി കാണാന്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി മാധവ് കുമാര്‍ നേപ്പാളും റഷ്യന്‍ അംബാസിഡറും അടക്കം നിരവധി വിദേശ പ്രതിനിധികളും എത്തിയിരുന്നു.