സീതാറാം യച്ചൂരിയുടെ ഓര്‍മകളില്‍ വിതുമ്പി സി.പി.എം ദേശീയ ആസ്ഥാനമായ എ.കെ.ജി. ഭവന്‍. ഭൗതികശരീരത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പൊതുദര്‍ശനം തുടരുകയാണ്. വൈകിട്ട് ഭൗതിക ശരീരം ഡൽഹി എയിംസിന് വിട്ടു നൽകും
കോമ്രേഡ് സീതാറാം യച്ചൂരി അവസാനമായി പാർട്ടി ആസ്ഥാനത്തെത്തി. അരനൂറ്റാണ്ട് ജീവന്റെയും ജീവിത്തിന്റെയും ഭാഗമായ എ.കെ.ജി. ഭവന്റെ മുറ്റത്തേക്ക് സഹപ്രവര്‍ത്തകരും അണികളും അദ്ദേഹത്തെ കൊണ്ടുപോയി, നിറകണ്ണുകളോടെ. ഒട്ടേറെ രാഷ്ട്രീയചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും വേദിയായ അവിടെ യച്ചൂരി ചേതനയറ്റ് കിടന്നു.
പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങളും അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. ഇടറുന്ന ശബ്ദത്തില്‍ മുദ്രാവാക്യം മുഴക്കി. ഇന്ത്യ സഖ്യത്തിന്റെ അണിയറശില്‍പികളില്‍ പ്രധാനിയെ കാണാന്‍ സോണിയാഗാന്ധിയെത്തി. ശരദ്പവാര്‍, കനിമൊഴി, പി.കെ.കുഞ്ഞാലിക്കുട്ടി, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങി രാഷ്ട്രീയ സാമൂഹ്യ, മത നേതാക്കള്‍ ഓരോരുത്തരായി അന്ത്യാഞ്ജലിയര്‍പ്പിച്ചു. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി മാധവ് കുമാര്‍ നേപ്പാളും റഷ്യന്‍ അംബാസിഡറും അടക്കം അടക്കം വിദേശ പ്രതിനിധികളും എത്തി പ്രിയപ്പെട്ട സഖാവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നീണ്ടനിര പുറത്ത്. വൈകിട്ട് മൂന്നുമണിയോടെ ഭൗതികശരീരം വിലാപയാത്രയായി 14 അശോക റോഡിലേക്ക് കൊണ്ടുപോകും. പിന്നെ വൈദ്യപഠനത്തിനായി എയിംസിേലക്ക്