കോഴിക്കോട് ഉള്ളിയേരിയില്‍ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഭര്‍ത്താവ് രംഗത്ത്. വേദന കൂടിയപ്പോള്‍, സിസേറിയന്‍ ചെയ്യാന്‍ അവള് കാലുപിടിച്ച് ഡോക്ടര്‍മാരോട് പറഞ്ഞതാണെന്ന് ഭര്‍ത്താവ് വിവേക് പറഞ്ഞു.
ഉച്ചയ്ക്ക് ഒരു മണിക്ക് പെയിന്‍ വന്നിട്ട് പിറ്റേന്ന് പുലര്‍ച്ചെ 3 മണിവരെ ഇവരു കാത്തു നിന്നതെന്തിനാ?. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരോട് എന്നെ സിസേറിയന്‍ ചെയ്യാന്‍ അവള് കാലുപിടിച്ച് പറഞ്ഞതാ, ഒന്നുകില്‍ എന്നെ നോക്കുന്ന ഡോക്ടറെ ഒന്ന് കാണിക്കുകയെങ്കിലും ചെയ്യണം എന്നും പറഞ്ഞതാ. അത് പോലും ഇവര്‍ അനുവദിച്ചില്ല. – വിവേക് മാധ്യമങ്ങളോട് പറഞ്ഞു.
യുവതിയെ ചികില്‍സിച്ച മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ മരിച്ച അശ്വതിയുടെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചു. ചികില്‍സിച്ച ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മൃതദേഹം ക്യാഷ്വാലിറ്റിയില്‍ കയറ്റാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് ആശുപത്രി കവാടത്തില്‍ തടഞ്ഞു.
തുടര്‍ന്ന് കോഴിക്കോട് – കുറ്റ്യാടി റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമായിരുന്നു മൃതദേഹം ഉള്ളിയേരിയിലെത്തിച്ച് പ്രതിഷേധിച്ചത്.