• പൊതുജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല
  • തിയറ്ററുകള്‍ അടച്ചിടണം
  • കടകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെ

നിപ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ ഏഴാം വാര്‍ഡിലും നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. പൊതുജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല, തിയറ്ററുകള്‍ അടച്ചിടണം, സ്കൂളുകള്‍, കോളജുകള്‍, അംഗനവാടികള്‍ അടക്കം പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്തുമണിമുതല്‍ വൈകുന്നേരം ഏഴുമണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂവെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. 

വണ്ടൂര്‍ നടുവത്ത് 24കാരൻ മരിച്ചത് നിപ ബാധിച്ചാണന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണം പ്രഖ്യാപിച്ച മേഖലകളിൽ നബിദിന ഘോഷയാത്രകൾ മാറ്റിവയ്ക്കണമെന്ന് കലക്ടർ അഭ്യര്‍ഥിച്ചിരുന്നു. 

അതേസമയം, സംസ്ഥാനത്ത് ആറാം തവണ നിപ സ്ഥിരീകരിക്കുമ്പോള്‍ രോഗം പടരാതിരിക്കാന്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ വരാനിടയുളള ഒരു കാര്യങ്ങളും പാടില്ലെന്നാണ് മുന്നറിയിപ്പ്. സംശയിക്കപ്പെടുന്ന രോഗലക്ഷണങ്ങളുമായി ചികില്‍സ തേടുന്ന എല്ലാവരെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കണമെന്നാണ് ആശുപത്രികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അടിക്കടി രോഗബാധയുണ്ടാകുമ്പോഴും വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് രോഗം പകരുന്നതെങ്ങനെയെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. 

ENGLISH SUMMARY:

Masks have been made mandatory in Malappuram district after a Nipah infection was confirmed. Strict controls have been imposed on containment zones