പൊലീസ് പിടിയിലായി ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിക്കുന്നത് . ഏതാണ്ട് 2758 ദിവസങ്ങള്‍ക്ക് ശേഷം .ഈ കാലയളവില്‍ പത്തുതവണയാണ് പള്‍സര്‍ സുനി വിവിധ കോടതികളില്‍ ജാമ്യഹര്‍ജി നല്‍കിയത് . എല്ലാ ഹര്‍ജികളും തള്ളി.
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കുറി സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവ് വിചാരണ കോടതിയില്‍ ഹാജരാക്കി വ്യവസ്ഥകള്‍ പാലിച്ച് സുനിക്ക് പുറത്തിറങ്ങാം
കൊച്ചിയില്‍ നടിയെ ആക്രമിച്ചകേസില്‍ 2017 ഫെബ്രുവരി 24നാണ് പെരുമ്പാവൂർ കോടനാട് നെടുവേലിക്കുടി സുനിൽകുമാർ എന്ന പള്‍സര്‍ സുനി അറസ്റ്റിലാകുന്നത് . എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ അഭിഭാഷകനൊപ്പം കീഴടങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റ് . തലശേരി സ്വദേശി വിജീഷും ഒപ്പമുണ്ടായിരുന്നു. കോടതിക്ക് പിന്നിലുള്ള ക്ഷേത്രത്തിന് സമീപം ബൈക്കിലെത്തിയ പള്‍സര്‍ സുനിയും സുഹൃത്തും മതില്‍ ചാടിക്കടന്നാണ് കോടതിവളപ്പിലെത്തുന്നത്. ഈ സമയം കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞതിനാല്‍ ഇരുവര്‍ക്കും മജിസ്ട്രേട്ടിന് മുന്നിലെത്താനായില്ല . പ്രതികള്‍ കീഴടങ്ങാനിടയുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോടതിവളപ്പില്‍ കാത്തുനിന്ന കൊച്ചി സെന്‍ട്രല്‍ സിഐ അനന്തലാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു . തുടര്‍ന്ന് നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന്‍റെ ക്യാംപ് ഓഫീസായ ആലുവ പൊലീസ് ക്ലബില്‍ ഇവരെ എത്തിച്ചു . കീഴടങ്ങാനെത്തിയ പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ എറണാകുളം അഡഷണല്‍ സി.ജെ.എം. കോടതി പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി .അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനകം പ്രതികളെ ബന്ധപ്പെട്ട മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കി
അറസ്റ്റും കസ്റ്റഡിയും റിമാന്‍ഡും എല്ലാമായി ഇപ്പോള്‍ ഏഴരവര്‍ഷവും 24 ദിവസവുംപൂര്‍ത്തീകരിച്ചിതിനുശേഷമാണ് പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കുന്നത് . 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രമധ്യ നടി അക്രമിക്കപ്പെടുന്നത് . സംഭവം നടന്ന് ആറാംദിവസമായിരുന്നു മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അറസ്റ്റ് . അറസ്റ്റ് നടന്ന് കൃത്യം അറുപത് ദിവസം തികഞ്ഞപ്പോള്‍ തന്നെ പള്‍സര്‍ സുനിയടക്കം 6പേരെ ഉള്‍പ്പെടുത്തി കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ജൂണ്‍ 23നാണ് സംഭവത്തില്‍ ദിലീപിന്‍റെ പങ്ക് ആരോപിച്ച് പള്‍സര്‍ സുനി ജയിലിലിരുന്നെഴുതിയ കത്ത് പുറത്തുവന്നത്. ജൂണ്‍ 28 മുതല്‍ രണ്ടാഴ്ചക്കാലം പലപ്പോഴായി ദിലീപിനെ ചോദ്യം ചെയ്ത അന്വേഷണസംഘം ജൂലൈ 11ന് ദിലീപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
85 ദിവസം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഗൂഢാലോനചനക്കേസില്‍ ദിലീപിനെയും പള്‍സര്‍സുനിയെയും ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് കുറ്റപത്രവും സമര്‍പ്പിച്ചു .2010 ജനുവരി 9ന് ദിലീപ് പള്‍സര്‍ സുനി എന്നിവരടക്കം 10പേര്‍ക്കെതിരെ വിചാരണക്കോടതി കുറ്റം ചുമത്തി. വിചാരണ പുരോഗിക്കുന്ന ഘട്ടത്തില്‍ കേസില്‍ രണ്ടുവട്ടം സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്‍മാറി . വിചാരണക്കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നവെന്ന് കാണിച്ചായിരുന്നു സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരുടെ പിന്‍മാറ്റം .
ഇതിനിടെ ദിലീപിനെതിരെ ചില ആരോപണങ്ങളുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തി. ദിലീപ് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോനചന നടത്തി, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടു തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍ . ദിലീപും ബാലചന്ദ്രകുമാറുമായുള്ള സംഭാഷണത്തിന്‍റെ ശബ്ദരേഖകളും ഇതിനിടെ പുറത്തുവന്നു. ബാലചന്ദ്രകുമാറിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസാണെന്ന് ആരോപിച്ച് ദിലീപ് ഡിജിപിക്ക് കത്ത് നല്‍കി. പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ എ.ഡി.ജി.പി. എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു . പൊലീസിനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം മുന്‍നിര്‍ത്തി ദിലീപിനെതിരെ പുതിയ പ്രഥമവിവര റിപ്പോര്‍ട്ട് റജിസ്റ്റര്‍ ചെയ്തു . ഇതിനിടെ ദിലീപും ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെട്ട 5പേരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. കേസുമായി ബന്ധപ്പെട്ട് 2022 ജനുവരി 15ന് ദിലീപിന്‍റെ ആലുവയിലെ വസതിയില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.
മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകന്‍ ദിലീപിനോട് നിര്‍ദേശിച്ചു. അതുവരെ അറസ്റ്റും തടഞ്ഞു. ജനുവരി 23,24.25 തീയതികളില്‍ ദിലീപിനെയും അടുത്തബന്ധുക്കളായ 4പേരെയും അന്വേഷണസംഘം തുടര്‍ച്ചയായി ചോദ്യം ചെയ്തു . ഗൂഢാലോചന നടന്നെന്ന് പറയുന്ന സമയത്തെ ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി .ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകൾ, അനിയൻ അനൂപിന്‍റെ കൈവശമുള്ള രണ്ട് ഫോണുകൾ, മറ്റൊരു ബന്ധുവിന്‍റെ കൈവശമുള്ള ഒരു ഫോൺ എന്നിവ പിന്നീട് മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കി . കോടതി നിര്‍ദേശാനുസരണം ഫോണുകളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തീകരിച്ച് ഒരു തുടരന്വേഷണ റിപ്പോര്‍ട്ടും അന്വേഷണസംഘം സമര്‍പ്പിച്ചു. 300ൽപ്പരം അനുബന്ധ രേഖകളാണ് ഇറിപ്പോര്‍ട്ടന്‍റെ ഭാഗമായി ഉള്‍ക്കൊളിച്ചിട്ടുള്ളത് .തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്‍റെയും ശരത്തിന്‍റെയും ആവശ്യം കോടതി നിരാകരിക്കുകയും ചെയ്തു
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതി ഇതുവരെ 261 സാക്ഷികളെ വിസ്തരിച്ചു. 1,600 രേഖകള്‍ കേസില്‍ കോടതി പരിഗണിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ നൂറിലേറെ ദിവസം നീണ്ട വിസ്താരവും പൂര്‍ത്തിയായി. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീരിച്ച് ഡിസംബറിന് മുമ്പ് കേസില്‍ വിധിയുണ്ടാകുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. വിചാരണ അവസാനഘട്ടത്തിലെത്തി നില്‍ക്കെ പ്രതിക്ക് ജാമ്യം നല്‍കുന്നത് ഉചിതമല്ലെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് ഇപ്പോള്‍ സുപ്രീംകോടതി മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്