pulsar-suni-05

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം. വിചാരണ അനന്തമായി നീളുന്നതും ഏഴര വര്‍ഷമായി ജയിലിലാണെന്ന സുനിയുടെ വാദവും പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്.  വിചാരണ നീളുന്നതിനെ വിമര്‍ശിച്ച കോടതി, ദിലീപിന്‍റെ അഭിഭാഷകന്‍ ക്രോസ് വിസ്താരം നീട്ടിക്കൊണ്ടുപോകുന്നതില്‍ ചോദ്യമുന്നയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23നാണ് മുഖ്യപ്രതി പള്‍സര്‍ സുനി  അറസ്റ്റിലായത്. ഏഴര വര്‍ഷമായി ജയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുനിയുടെ  ജാമ്യാപേക്ഷ.  ജാമ്യാപേക്ഷയെ എതിര്‍ത്ത സര്‍ക്കാരിന്‍റെ വാദങ്ങള്‍ തള്ളിയ സുപ്രീം കോടതി വിചാരണ ന്യായമായ സമയത്തിനുള്ളില്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്. 

നടന്‍ ദിലീപിന്‍റെ അഭിഭാഷകന്‍ 85 ദിവസം അന്വേഷണോദ്യോഗസ്ഥനെ ക്രോസ് വിസ്താരം നടത്തിയെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍‌ ചൂണ്ടിക്കാട്ടി.  സ്വാധീനമുള്ള പ്രതി ഇത്രയും നാളും സാക്ഷിയെ വിസ്തരിച്ചോ എന്നും എത്ര നാള്‍ ഇങ്ങനെ തുടരുമെന്നും ജസ്റ്റിസ് അഭയ് എസ് ഓഖ ചോദിച്ചു. സാക്ഷികളുടെ മൊഴി മാത്രം 1800 പേജുണ്ട്, 9 പ്രതികൾ ഉൾപ്പെട്ട കേസിൽ 261 സാക്ഷികളെ വിസ്തരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തതിനാൽ ഇനിയും സമയമെടുക്കുമെന്നും കോടതി നിരീക്ഷിച്ചു. 

ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതി പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ഭീഷണിയാണെന്നും കര്‍ശനമായ ജാമ്യം വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.  ഒരാഴ്ചക്കുള്ളില്‍ സുനിയെ  വിചാരണ കോടതിയിൽ ഹാജരാക്കി സര്‍ക്കാരിന്‍റെ കൂടി വാദംകേച്ച് വ്യവസ്ഥകള്‍ തീരുമാനിക്കാന്‍ നിര്‍ദേശിച്ചു.  10 തവണ തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍‌കിയതിന് പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച 25,00 രൂപ പിഴ ഈടാക്കുന്നതിനോട് യോജിപ്പില്ലെന്നും എന്നാല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.