vd-satheesan-04

TOPICS COVERED

വയനാട് ദുരന്തം നേരിടാന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച കണക്കിനെച്ചൊല്ലി ഭരണ പ്രതിപക്ഷ പോര് മുറുകുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ വിശ്വാസ്യത തകര്‍ക്കാന്‍ കള്ളപ്രചാരണമുണ്ടായതായി മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു. കേന്ദ്രത്തിന് നല്‍കിയത് പ്രതീക്ഷിക്കുന്ന കണക്ക് മാത്രമാണെന്ന് മന്ത്രി വീണ ജോര്‍ജ് വിശദീകരിച്ചു. കണക്ക് തയ്യാറാക്കിയവര്‍ക്കെതിരെ നടപടി വേണമെന്നും പുതിയ കണക്ക് നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.   

 

ഒരു മൃതദേഹം സംസ്ക്കരിക്കാന്‍ 75,000 രൂപ ചെലവ് വരും എന്നതടക്കം അവിശ്വസനീയമായ കണക്കുകളാണ് കേരളം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത് എന്നാണ് ആക്ഷേപം. എന്നാല്‍ ദുരന്തക്കണക്ക് വിവാദത്തില്‍ നടന്നത് കേരള സര്‍ക്കാരിനെതിരായ ഇരുതല ആയുധ പ്രയോഗമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു. കേന്ദ്ര സഹായം കിട്ടരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്കാണ് കള്ളപ്രചാരണം സഹായകമാകുക. 

ഒാഗസ്റ്റ് 17ന് തയ്യാറാക്കിയ എസ്റ്റിമേറ്റാണ് പുറത്തുവന്നതെന്നും തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്നും മന്ത്രി വീണ ജോര്‍ജ്. എസ്ഡിആര്‍എഫ് മാര്‍ഗരേഖയ്ക്ക് അനുസൃതമായല്ല കണക്കുകള്‍ തയ്യാറാക്കിയതെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചു. ധനസഹായം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാരിന് പരാതിയില്ലെന്നും പിന്നെ പ്രതിപക്ഷം എന്തിന് പരാതിപ്പെടണമെന്നും സതീശന്‍.  ഉൗതിപ്പെരുപ്പിച്ച കണക്ക് കാണിക്കുന്നത് കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന നിവേദനത്തിന്‍റെ വിശ്വാസ്യത തകര്‍ക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.