കേരളത്തില്‍ എം പോക്സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് വന്ന മലപ്പുറം എടവണ്ണ സ്വദേശിയായ യുവാവിനാണ് രോഗബാധ. സംസ്ഥാനത്തു എം പോക്സ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കടുത്ത ജാഗ്രതയിലാണ്. രോഗലക്ഷണങ്ങൾ കാണുന്നവർ കൃത്യസമയത്ത് ചികിത്സതേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
യുഎഇയിൽ നിന്ന് വന്ന യുവാവ് തിങ്കളാഴ്ചയാണ് മെഡിക്കൽ കോളേജിൽ ചികിത്സതേടിയത്. രോഗലക്ഷണങ്ങൾ കണ്ടതിന് പിന്നാലെ യുവാവിനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു.
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള എടവണ്ണ സ്വദേശിയായ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംസ്ഥാനത്തു എംപോക്സ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സതേടണം. എല്ലാ ജില്ലകളിലും ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു.
പനി , തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എം പോക്സിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും വന്ന് തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. രോഗംവന്നയാളുമായോ മൃഗവുമായോയുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകരുക. സംസ്ഥാനത്തു എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.