perinthalmanna-youths-arres

TOPICS COVERED

ഒറ്റ യാത്രയിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുക ലക്ഷ്യമിട്ട് കഞ്ചാവ് കടത്തിനിറങ്ങിയ രണ്ട് യുവാക്കൾ വാളയാറിൽ അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശികളായ ഷഹൻ ഷാ, മുഹമ്മദ് ഷിബിൽ എന്നിവരെയാണ് വാഹന പരിശോധനയ്ക്കിടെ ഏഴ് കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. ആയിരങ്ങള്‍ മോഹിച്ച് വൻകിടക്കാർക്ക് കഞ്ചാവെത്തിക്കാനുള്ള ആദ്യ യാത്രയില്‍ത്തന്നെ ഇരുവരും കുടുങ്ങുകയായിരുന്നു.

 

ഷഹൻ ഷായ്ക്ക് 21 വയസാണ് പ്രായം. ഷഹൻ ഷായുടെ വാക്ക് വിശ്വസിച്ച് കഞ്ചാവ് കടത്തിനിറങ്ങിയ മുഹമ്മദ് ഷിബിലിന് 19 തികഞ്ഞതേയുള്ളൂ. സ്കൂൾ തലം മുതൽ തുടങ്ങിയ കഞ്ചാവ് ഉപയോഗം പിന്നീട് പതിവാക്കി. ദിവസേന ലഹരി കിട്ടിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ലെന്ന സ്ഥിതിയെത്തി. സൗജന്യമായി ലഹരി നൽകാൻ ആദ്യം താല്‍പര്യം കാണിച്ചവർ പിന്നീട് കൂടിയ അളവില്‍ ലഹരിയെത്തിച്ചാൽ മാത്രമേ പണം നൽകാനാവൂ എന്ന നിലപാടെടുത്തു. ഇതിനിടയില്‍ അടിച്ച് പൊളി ജീവിതത്തിനായുള്ള സാമ്പത്തിക ഇടപാടിനെത്തുടർന്ന് കടം വന്നു. ഒറ്റത്തവണയായി കടം വീട്ടാൻ ഒഡീഷയിലേക്ക് വണ്ടി കയറി കഞ്ചാവുമായി മടങ്ങിയ യുവാക്കൾക്ക് വാളയാറിൽ എക്സൈസ് കുരുക്കിട്ടു. 

ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗം സേലത്തെത്തി. പിന്നീട് ബസ് മാർഗം കോയമ്പത്തൂരിലും തുടർന്ന് പാലക്കാട്ടേക്ക് കെ.എസ് ആർ ടി സിയിലുമായിരുന്നു ഇരുവരുടെയും യാത്ര. ആദ്യമായാണ് കഞ്ചാവ് കടത്തിനിറങ്ങിയതെന്നാണ് മൊഴി. വൻകിട കടത്തുകാരുടെ രഹസ്യ ഗോഡൗണിൽ സാധനമെത്തിച്ചാലുള്ള ഭീമമായ തുകയായിരുന്നു മുഖ്യ ആകർഷണം. ഇവർക്ക് സഹായം ചെയ്തിരുന്നവരുടെ വിവരങ്ങള്‍ ഉൾപ്പെടെ എക്സൈസ് പരിശോധിക്കുന്നുണ്ട്. 

ENGLISH SUMMARY:

Perinthalmanna youths arrested with 7 kg cannabis