pulsar

നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച ഒന്നാം പ്രതി പൾസർ സുനി ഈയാഴ്ച തന്നെ ജയിലിൽ നിന്ന് പുറത്തിറങ്ങിയേക്കും. വിചാരണ കോടതിയിലെ നടപടിക്രമങ്ങൾ രണ്ടുദിവസത്തിനകം പൂർത്തിയാക്കാനാണ് നീക്കം. ഏഴര വർഷമായി ജയിലിൽ കഴിയുന്ന പൾസർ സുനിക്ക് ഇന്നലെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

 

പൾസർ സുനിയെ ഒരാഴ്ചക്കകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാനാണ് സുപ്രീം കോടതിയുടെ നിർദേശം. ജാമ്യ വ്യവസ്ഥ എന്താണ് എന്നത് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായി ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവ് വ്യാഴാഴ്ച വിചാരണ കോടതിയിൽ സമർപ്പിക്കാനാണ് പൾസർ സുനിയുടെ അഭിഭാഷകൻ്റെ നീക്കം.  സ്വാഭാവികമായും അന്നുതന്നെ കോടതി ജാമ്യവ്യവസ്ഥകൾ തീരുമാനിച്ചേക്കും. കടുത്ത വ്യവസ്ഥകൾ വേണമെന്ന ആവശ്യം പ്രോസിക്യൂഷന് വിചാരണക്കോടതിക്ക് മുമ്പിൽ ഉന്നയിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിലുണ്ട്. അതുകൊണ്ടുതന്നെ വ്യവസ്ഥകളുടെ കാര്യത്തിൽ വിചാരണ കോടതി പ്രോസിക്യൂഷൻ നിലപാടും പരിഗണിക്കും. നിലവിൽ എറണാകുളം സബ് ജയിലിലാണ് പൾസർ സുനിയുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉത്തരവ് ഉടൻ ജയിലിൽ എത്തിക്കും. അങ്ങനെയെങ്കിൽ വ്യാഴാഴ്ച വൈകീട്ടോ, വെള്ളിയാഴ്ച രാവിലെയോ പൾസർ സുനിക്ക് പുറത്തിറങ്ങാൻ സാധിക്കും. നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23 മുതൽ പൾസർ സുനി റിമാൻഡിലാണ്. ഇതിനിടെ പത്തിലേറെ തവണ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. ഇതിനുശേഷമാണ് രണ്ടാം തവണയും സുപ്രീംകോടതിയെ സമീപിക്കുന്നതും ജാമ്യം ലഭിക്കുന്നതും.

ENGLISH SUMMARY:

Pulsar Suni, the first accused in the actress assault case, who got bail, may be released from jail this week.