TOPICS COVERED

സ്വകാര്യ റിസോർട്ടുകാർ വീടിനോട് ചേർന്ന് ആശാസ്ത്രീയമായി കിണർ നിർമിച്ചതോടെ ഭീതിയിലാണ് ഇടുക്കി ചിത്തിരപുരം സ്വദേശി ഐഷാ ഷാഹുലും കുടുംബവും. ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് സബ് കലക്ടർ റിപ്പോർട്ട്‌ നൽകിയിട്ടും നീതി തേടി ഓഫീസുകൾ കയറിയിറങ്ങുകയാണ് ഈ കുടുംബം. കിണര്‍ മൂടണമെന്ന് ചൂണ്ടിക്കാട്ടിയുള്ള സബ് കലക്ടര്‍ ജില്ല കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് മനോരമ ന്യൂസിന് ലഭിച്ചു.

ഐഷാ ഷാഹുലും മകനുമടക്കം അഞ്ച് പേരാണ് ഒരു വീട്ടില്‍ കഴിയുന്നത്. നാല് മാസം മുൻപ് സ്വകാര്യ റിസോർട്ടുകാർ ഇവരുടെ വീടിനോട് ചേർന്ന് കിണർ കുഴിക്കാൻ തുടങ്ങി. ഭർത്താവിന്റെ ചികിത്സക്കായി ഐഷയും കുടുംബവും വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള കിണർ നിർമാണം. വലിയ തോതിൽ മണ്ണ് മാറ്റിയതോടെ വീട് പൂർണമായും അപകടാവസ്ഥയിലായി. പരാതിയുമായി പള്ളിവാസൽ പഞ്ചായത്തിലും വില്ലേജിലും കയറിയിറങ്ങിയിട്ടും നാളിതുവരെ പരിഹാരമായിട്ടില്ല.

മേഖലയിൽ മണ്ണിടിയാൻ സാധ്യതയുണ്ടെന്നാണ് ജില്ലാ ജിയോളജിസ്റ്റിന്റെ കണ്ടെത്തൽ. എന്നാല്‍ കിണര്‍ കുഴിക്കാന്‍ കുടുംബത്തിന്റെ അനുവാദം വാങ്ങിയിരുന്നെന്നും.  നിയമപരമായി എല്ലാ നിബന്ധനകളും പാലിച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നുമാണ് റിസോര്‍ട്ട് ഉടമകളുടെ വിശദീകരണം. മഴ കനത്തൽ മണ്ണിടിയുമെന്നും വീടിന് സുരക്ഷ ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി സബ് കലക്ടർ ജില്ല കലക്ടർക്ക് റിപ്പോർട്ട്‌ സമർപ്പിച്ചിട്ട് ആഴ്ചകൾ പിന്നിട്ടു. അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് കുടുംബം പലതവണ ജില്ല ഭരണകൂടത്തെ സമീപിക്കുകയും ചെയ്തു. പക്ഷേ അപ്പോഴോക്കെ മറ്റൊരു വീടെടുത്ത് മാറി താമസിക്കാനായിരുന്നു നിർദേശം.

ENGLISH SUMMARY:

Aisha Shahul, a resident of Chithirapuram, Idukki, and her family are in fear after private resorts built a well near their house. Despite the sub-collector's report that action should be taken under the Disaster Management Act, this family is going up and down the offices seeking justice.