anna-fatherN

ജോലിസമ്മര്‍ദ്ദം കാരണം മകള്‍ ജീവനൊടുക്കിയതില്‍ നിയമനടപടിക്കില്ലെന്ന് കുടുംബം. കമ്പനികളിലെ ജോലിസംസ്കാരം മാറണം. അതുമാത്രമാണ് ആവശ്യം. കമ്പനിക്കെതിരെ നിയമനടപടി തങ്ങളുടെ ലക്ഷ്യമല്ല. മകളുടെ അനുഭവം ആര്‍ക്കും ഇനി ഉണ്ടാകരുത്. കുറ്റക്കാര്‍ക്കെതിരെ നടപടിയും അന്വേഷണവും കമ്പനി ഉറപ്പുനല്‍കിയിട്ടില്ല. മരണദിവസം പോലും അന്നയ്ക്ക് വിശ്രമം ഇല്ലായിരുന്നു. അന്നും രാത്രിവൈകുംവരെ മകളുമായി ഭാര്യ സംസാരിച്ചിരുന്നു. മകളുടെ ദാരുണാനുഭവം പറഞ്ഞിട്ടും അധികൃതര്‍ അന്ന് പ്രതികരിച്ചില്ലെന്നും മരിച്ച അന്ന സെബാസ്റ്റ്യന്റെ പിതാവ് സിബി ജോസഫ് മനോരമ ന്യൂസിനോട് വിതുമ്പലോടെ പ്രതികരിച്ചു. 

 

ജോലിസമ്മര്‍ദം കാരണം മകള്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. മാനേജര്‍ക്ക് ക്രിക്കറ്റ് കാണാന്‍ വേണ്ടിയും മകളെ ഒരുപാട് ബുദ്ധിമുട്ടിച്ചു. മിക്ക ദിവസങ്ങളിലും മകള്‍ക്ക് ഉറങ്ങാന്‍ പറ്റിയിരുന്നില്ല.  ബുദ്ധിമുട്ട് പറ​ഞ്ഞപ്പോള്‍ രാജിവച്ച് വരാന്‍ പറഞ്ഞിരുന്നുവെന്നും പിതാവ് പറഞ്ഞു.  

അന്വേഷിക്കുമെന്നു കേന്ദ്രം

അമിത ജോലിഭാരത്തെ തുടർന്ന് പുണെയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യൻ മരണത്തിന് കീഴടങ്ങിയെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി. സംഭവം അതീവ ദാരുണമാണെന്നും കമ്പനിയിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ പരിശ്രമിക്കുമെന്നും കൺസൾട്ടൻസി സ്ഥാപനമായ ഏണ്‍സ്റ്റ് & യംഗ് പ്രതികരിച്ചു. 

അന്ന സെബാസ്റ്റ്യന്റെ അമ്മ അനിത അഗസ്റ്റിൻ കമ്പനിക്ക് അയച്ച വൈകാരികമായ കത്ത് വലിയ ചർച്ചയായതിന് പിന്നാലെ ആണ് ഏണസ്റ്റ് & യംഗിന്റെ പ്രതികരണം. ഇത്തരത്തിൽ ഒന്ന് സംഭവിക്കാൻ പാടില്ലായിരുന്നു. അന്നയുടെ  കുടുംബത്തിന് എല്ലാ സഹായവും നൽകും. കമ്പനിയിലെ ജോലി സാഹചര്യം ആരോഗ്യകരമാക്കാനാണ് പരിശ്രമിക്കുന്നതെന്നതെന്ന് വിശദീകരണത്തിൽ പറയുന്നുണ്ടെങ്കിലും സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കാൻ കമ്പനി തയാറായില്ല. 

അതേസമയം, വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു. കോർപ്പറേറ്റ് തൊഴിൽ സംസ്കാരത്തിൽ മാറ്റം വരുത്താൻ കേന്ദ്രം ഇടപെടണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. പുണെ ക്യാംപസിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിയിൽ കയറി നാല് മാസത്തിനകമാണ് 27കാരിയായ അന്ന ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. മകൾക്ക് മേൽ അമിത ജോലിഭാരം അടിച്ചേൽപ്പിച്ചെന്നും ഇത് വലിയ മാനസിക സമ്മർദത്തിനും പിന്നീട് മരണത്തിനും കാരണമായെന്നാണ് പരാതി. അന്നയുടെ സംസ്കാര ചടങ്ങിനുപോലും കമ്പനി അധികൃതർ എത്തിയില്ലെന്നും അമ്മ അനിത കത്തിൽ പറഞ്ഞിരുന്നു

ENGLISH SUMMARY:

Malayali CA's death: Centre begins probe, EY officials visit parents in Kochi