hema-committee-report-statements

ഹേമ കമ്മിറ്റിക്ക് മുന്നില്‍ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇവരില്‍ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടും. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയതിക്കുള്ളില്‍ കേസെടുക്കും. 

സര്‍ക്കാര്‍ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 290 പേജാണങ്കില്‍ യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. വിശദമായ മൊഴിയും അനുബന്ധ തെളിവുകളും കൂടി ചേര്‍ന്നതാണ് ഇത്. ഇത്രയും പേജുകള്‍ അന്വേഷണസംഘത്തിലെ ഐ.ജി.സ്പര്‍ജന്‍ കുമാര്‍, ഡി.ഐ.ജി അജിതബീഗം, എസ്.പിമാരായ മെറിന്‍ ജോസഫ്, ജി.പൂങ്കുഴലി, ഐശ്വര്യ ഡോഗ്രെ എന്നീ അഞ്ച് ഉദ്യോഗസ്ഥര്‍ അഞ്ച് ഭാഗങ്ങളായി വീതിച്ച് ഒരുതവണ വായിച്ചു. ഇരുപതിലധികം പേരുടെ മൊഴികളില്‍ നിയമനടപടിക്ക് സാധ്യതയുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരാരും റിപ്പോര്‍ട്ട് പൂര്‍ണമായും വായിക്കാത്തതിനാല്‍ മൊഴികളില്‍ അവ്യക്തത തുടരുന്നുമുണ്ട്. 

അതിനാല്‍ അഞ്ച് ഉദ്യോഗസ്ഥരും മൂന്ന് ദിവസം കൊണ്ട് റിപ്പോര്‍ട്ട് പൂര്‍ണമായും വായിക്കാനാണ് ഇന്നലെ നടന്ന യോഗത്തില്‍ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് നല്‍കിയ നിര്‍ദേശം. അതിന് ശേഷം ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടും. 

 

ചിലര്‍ പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്തിയിട്ടില്ല. അവരെ കണ്ടെത്താന്‍ സാംസ്കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. മൊഴി നല്‍കിയവരുടെ താല്‍പര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും കേസെടുക്കുക. 30 ാം തീയതിക്കുള്ളില്‍ ആദ്യഘട്ട മൊഴിയെടുപ്പ് പൂര്‍ത്തിയാക്കും. അടുത്തമാസം മൂന്നിന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കും മുന്‍പ് കേസുകളെടുക്കാനുമാണ് അന്വേഷണസംഘം ആലോചിക്കുന്നത്.

ENGLISH SUMMARY:

Further investigation will be followed on Hema Committee Report. The assessment of the investigation team is that the statement of more than 20 people is serious. Legal steps should be followed and more statements will be recorded.