മലപ്പുറം നടുവത്ത് നിപ ബാധിച്ച് മരിച്ച ഇരുപത്തിനാലുകാരന്‍റെ വീട്ടിൽ കഴിഞ്ഞ ഇരുപത്തിയൊന്‍പതാം തീയതി ജോലിക്ക് എത്തിയ ബംഗാള്‍ സ്വദേശിയെ തേടി ആരോഗ്യവകുപ്പ്. ആളെ കണ്ടെത്തി സ്രവ പരിശോധന നടത്തുകയാണ് ലക്ഷ്യം. 24 കാരന്‍റെ സഞ്ചാരപാത കണ്ടെത്താൻ നിയോഗിച്ച നാലംഗ സംഘം നാളെ ഡിഎംഒ ക്ക് റിപ്പോർട്ട് സമർപ്പിക്കും.
നിപ ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനാണ് ഒരു ഹെൽത്ത് ഇൻസ്പെക്ടറും, മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും അടങ്ങുന്ന നാലംഗ സംഘം കഴിഞ്ഞ തിങ്കളാഴ്ച മുതൽ, മരിച്ച 24 കാരന്റെ സഞ്ചാരപാത അന്വേഷിക്കുന്നത്. വീട്ടിലെ ഇരുമ്പൻപുളി മരത്തിൽ നിന്നു ഇരുപത്തിനാലുകാരൻ ഇരുമ്പൻപുളി കഴിച്ചതായി വീട്ടുകാർ നാലംഗ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇതാവാം ഉറവിടമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യങ്ങൾ ഇനി കേന്ദ്ര സംഘം എത്തി ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. കൂടാതെ നിപ ബാധിച്ച് മരിച്ച 24 കാരന്റെ വീട്ടിൽ ജോലിക്കെത്തിയ ബംഗാൾ സ്വദേശിക്കായി തിരച്ചിൽ നടത്തുന്നുണ്ട്. അതേസമയം കൂടുതൽ സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആകുന്നത് ആശ്വാസമാകുന്നുണ്ട്.