cardamom-issue

TOPICS COVERED

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഇടുക്കിയിലെ ഏലം കര്‍ഷകര്‍.  കടുത്ത വേനലില്‍ 113 കോടിയുടെ കൃഷി നാശമുണ്ടായിട്ടും കര്‍ഷകര്‍ക്ക് സര്‍‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇതുവരെ നല്‍കിയിട്ടില്ല. മഴയെത്തിയിട്ടും വിളവ് കുറഞ്ഞതും കര്‍ഷകര്‍ക്ക് തലവേദനയാവുകയാണ്.

 

കടുത്തവേനലില്‍ ഈ വര്‍ഷം 16621 ഹെക്ടര്‍ സ്ഥലത്തെ ഏല കൃഷി പൂര്‍ണമായും നശിച്ചെന്നായിരുന്നു വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. 22311 ഏലം കര്‍ഷകരെ പ്രതികൂലമായി ബാധിച്ച വരള്‍ച്ചയില്‍ നിന്ന് മികച്ച ജലസേചന സൗകര്യമുള്ള 20 ശതമാനം തോട്ടങ്ങള്‍ മാത്രമാണ് രക്ഷപ്പെട്ടത്. വരള്‍ച്ച വിലയിരുത്താന്‍ ജില്ലയിലെത്തിയ കൃഷി മന്ത്രി നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് പ്രഖ്യപിച്ചിരുന്നു. എന്നാല്‍ വിദ്ഗധ സമിതിയെ നിയോഗിച്ച് പഠനം നടത്തുകയല്ലാതെ നാളിതുവരെ മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാരും കൈവിട്ടതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കര്‍ഷകര്‍. കൃഷിയിടങ്ങളില്‍ മുന്‍പില്ലാത്തവിധം വന്യമൃഗ ശല്യം രൂക്ഷമായതോടെ രാത്രിയില്‍  കൃഷിയിടത്തില്‍ കവലിരിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.

ജില്ലയുടെ വിവിധ മേഖലകളില്‍ ഏലത്തട്ടയുടെ വില 300 കടന്നതോടെ  പുനര്‍ക്കൃഷി നടത്താനും സാധിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. കാലവര്‍ഷമെത്തിയിട്ടും പ്രതീക്ഷിച്ച മഴ ഇതുവരെ ലഭിച്ചിട്ടില്ല. വീണ്ടും ചൂട് വര്‍ധിച്ചാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 30 ശതമാനത്തോളം വിളവ് കുറയുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ഏലച്ചെടികളിലെ രോഗ ബാധയും വളത്തിനും മറ്റ് അനുബന്ധ വസ്തുക്കള്‍ക്കും വില കൂടിയതും ഉല്‍പ്പാദനത്തിന് വെല്ലുവിളിയാവുകയാണ്. സര്‍ക്കാര്‍ ധനസഹായം ലഭ്യമാകത്ത സാഹചര്യത്തില്‍ കൃഷി ഉപേക്ഷിക്കാനാണ് മിക്ക കര്‍ഷകരുടെയും തീരുമാനം. കുരുമുളക്, കാപ്പി, കൊക്കോ , കരിമ്പ് തുടങ്ങിയവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും സര്‍ക്കാര്‍ ധനസഹായം ഇതുവരെ നല്‍കിയിട്ടില്ല.

ENGLISH SUMMARY:

Idukki cardamom farmers crisis