TOPICS COVERED

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഉല്‍പാദനം തുടങ്ങിയ വള്ളിക്കോട് ശര്‍ക്കരയ്ക്ക് വന്‍ കച്ചവടം. പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് കരിമ്പുകൃഷിയും ശര്‍ക്കര നിര്‍മാണവും. അച്ചന്‍കോവിലാറിന്‍റെ തീരത്തെ പഴയ കരിമ്പുകൃഷിയുടെ പ്രൗഢിയും തിരിച്ചെത്തി.

ഒരുകാലത്ത് പത്തനംതിട്ട ജില്ലയിലെ ഏറ്റവും രുചിയേറിയ ശര്‍ക്കരയായിരുന്നു വള്ളിക്കോട്, വാഴമുട്ടം ഭാഗത്ത് വിളയുന്ന കരിമ്പില്‍ നിന്ന് ഉല്‍പാദിപ്പിച്ചിരുന്നത്. ജില്ലയിലെ കരിമ്പുകൃഷി കുറഞ്ഞു. രണ്ട് പഞ്ചസാര ഫാക്ടറികളും പൂട്ടി.  രണ്ടു പതിറ്റാണ്ടിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് വള്ളിക്കോട് പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്ന് കൃഷി പുനരാരംഭിച്ചത്. പന്തളം കരിമ്പ് വിത്തുല്‍പാദന കേന്ദ്രത്തിലെ മാധുരി, മധുരിമ ഇനങ്ങള്‍ക്കു പുറമേ മറയൂരില്‍ നിന്നും കരിമ്പിന്‍ തൈകള്‍ എത്തിച്ചുയ ഇക്കുറി 10 ടണ്ണോളം ശര്‍ക്കരയാണ് വിപണിയില്‍ എത്തിക്കാമെന്ന് കരുതുന്നത്. പഞ്ചായത്തിന്‍റെ സഹകരണത്തോടെയാണ് ശര്‍ക്കര നിര്‍മാണത്തിനുള്ള യന്ത്രങ്ങള്‍ സ്ഥാപിച്ചത്.

പ്രാദേശിക ശര്‍ക്കര ഉല്‍പാദനം നിലച്ചതോടെ ഉണ്ട ശര്‍ക്കരമാത്രമേ കിട്ടിയിരുന്നുള്ളു. ഇപ്പോള്‍ വിവിധ മേഖകളില്‍ പതിയന്‍ ശര്‍ക്കര സുലഭമായി, കുടുംബശ്രീയുടെ ഓണവിപണി, സഹകരണസംഘങ്ങളുടെ വിപണന മേള തുടങ്ങിയ സ്ഥലങ്ങളിലും നേരിട്ടുമാണ് വില്‍പന.  ഓണക്കാലത്തായിരുന്നു ഗംഭീര കച്ചവടം.