ഒരടി നടക്കുമ്പോഴേക്കും ബേപ്പൂര്‍ സ്വദേശിയായ ഹസന്‍ കോയയ്ക്ക് കിതപ്പ് വരും. ഇടയ്ക്ക് കുഴഞ്ഞുവീഴും. രണ്ട് ബ്ലോക്കുകളാണ് ഹൃദയത്തില്‍. ആന്‍ജിയോപ്ലാസ്റ്റിക്ക് നിര്‍ദേശിച്ചെങ്കിലും കോഴിക്കോട് ബീച്ചാശുപത്രിയില്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഇല്ലാത്തതില്‍ നീണ്ടുപോവുകയാണ്.
സര്‍ജിക്കല്‍ ഉപകരണവിതരണക്കാര്‍ക്ക് വന്‍തുക കുടിശികയായതോടെയാണ് ലാബ് അടച്ചുപൂട്ടിയത്. ഗുരുതരാവസ്ഥയില്‍ എത്തുന്ന ഹൃദ്രോഗികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണിപ്പോള്‍.
സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വിതരണം ഏപ്രില്‍ ഒന്നുമുതലാണ് വിതരണക്കാര്‍ നിര്‍ത്തിയത്. 110 ആളുകളാണ് ആന്‍ജിയോഗ്രാമിനായി കാത്തിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് 11 കോടി രൂപ ചെലവില്‍ കാത്ത് ലാബ് തുടങ്ങിയത്. നിലവിലെ സ്റ്റോക്ക് ഉപയോഗിച്ച് ഇതുവരെ മാസത്തില്‍ ഒന്നോ രണ്ടോ ആന്‍ജിയോഗ്രാം നടത്തിയിരുന്നെങ്കിലും കഴിഞ്ഞ അഞ്ചാം തിയതി മുതല്‍ ലാബിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു.
ആഴ്ചയില്‍ 100 പേരാണ് ഒപിയില്‍ ചികിത്സ തേടുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ചികിത്സ നടത്തിയ വകയില്‍ സര്‍ക്കാരില്‍ നിന്ന് തുക ലഭിക്കാത്തത് വിതരണം നിര്‍ത്തിയത്. സാമ്പത്തികപ്രതിസന്ധി കാരണം പണം കൊടുക്കാനാകുന്നില്ലെന്ന് സര്‍ക്കാരും അനൗദ്യോഗികമായി വിശദീകരിക്കുന്നു.