പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാര്‍ പത്ത് ദിവസമായിട്ടും പരിഹരിക്കാനായില്ല. മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള ലിഫ്റ്റിന്‍റെ പാര്‍ട്സ് കിട്ടാനില്ലാത്തതാണ് പ്രതിസന്ധി. പരിഹരിക്കും വരെ രോഗികളെ തുണിയില്‍ ചുമക്കാതെ വഴിയില്ലെന്നാണ് ആശുപത്രിയുടെ നിലപാട്.
രോഗികള്‍ ലിഫ്റ്റില്‍ കുടുങ്ങിയതോടെ ബലം പ്രയോഗിച്ച് വാതില്‍ തുറന്നതാണ് തകരാര്‍ ഗുരുതരമാക്കിയത്. സ്റ്റീല്‍ വാതിലും സെന്‍സറും തകരാറിലായി. എറണാകുളത്തെ സ്റ്റോറില്‍ സ്പെയര്‍ പാര്‍ട്സ് ഇല്ല. ഇനി ഹൈദരാബാദില്‍ നിന്ന് കിട്ടിയാല്‍ പണി നടക്കും. അല്ലെങ്കില്‍ പുതിയ ലിഫ്റ്റ് സ്ഥാപിക്കേണ്ടിവരും. വാര്‍ഷിക അറ്റകുറ്റപ്പണിക്ക് നാലുലക്ഷം വീതം ആശുപത്രി അടയ്ക്കുന്നുണ്ട്. പക്ഷെ ബലപ്രയോഗം നടന്നതിനാല്‍ ഇപ്പോഴത്തെ പണികള്‍ അതില്‍പ്പെടില്ല.
പന്ത്രണ്ടാംതീയതിയാണ് ലിഫ്റ്റിന്‍റെ വാതില്‍ തകരാറിലായത്. പതിനാലിനാണ് ആളുകള്‍ കുടുങ്ങിയതും ബലംപ്രയോഗിച്ച് വാതില്‍ തുറന്നതും. രണ്ടു ദിവസം എന്തുകൊണ്ട് തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് പ്രധാന സംശയം. ആളുകള്‍ കുടുങ്ങുംമുമ്പ് തകരാര്‍ പരിഹരിച്ചിരുന്നെങ്കില്‍ തകരാര്‍ ഇത്രഗുരുതരം ആകുമായിരുന്നില്ല.
ലിഫ്റ്റ് വരും വരെ ജീവനക്കാര്‍ രോഗികളെ തുണിയിലാക്കി ചുമക്കേണ്ടി വരും. ശസ്ത്രക്രിയ കഴിഞ്ഞവരായാലും, പ്രസവം കഴിഞ്ഞവരായാലും കാലൊടിഞ്ഞവരായാലും തുണിയില്‍ത്തന്നെ. ബന്ധുക്കളേയും സുഹൃത്തുക്കളേയോ കൊണ്ടുവന്നാല്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഭാരംകുറയും. തുണിയില്‍ കൊണ്ടുപോയ രോഗി നിലത്ത് വീണതോടെയാണ് ലിഫ്റ്റ് തകരാറില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നത്. ഇതില്‍ അന്വേഷണം നടക്കുകയാണ്.