mm-lawrence-1

സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റിയംഗം എം.എം.ലോറന്‍സ് (95) കൊച്ചിയില്‍ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു. മുതിർന്ന സിപിഎം നേതാവ്. സിപിഎം കേന്ദ്ര കമ്മറ്റി അംഗം, സി.ഐ.ടി.യു  ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, എൽ ഡി എഫ് കൺവീനർ തുടങ്ങിയ പദവികൾ വഹിച്ചു. ഇടപ്പളളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 22 മാസം തടവിലായിരുന്നു. അടിയാന്തരാവസ്ഥയുൾപ്പടെ വ്യത്യസ്ത കാലങ്ങളിലായി ആറു വർഷം കൂടി ജയിൽവാസമനുഷ്ഠിച്ചു. തോട്ടിത്തൊഴിലാളികൾ, തുറമുഖത്തൊഴിലാളികൾ, ട്രാൻസ്പോർട്ട് മർച്ചന്റ് ഷിപ്പിങ് തൊഴിലാഴികൾ തുടങ്ങി നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. 1980ൽ ഇടുക്കിയിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

 

എറണാകുളം ജില്ലയിൽ മുളവുകാട് മാടമാക്കൽ അവിരാ മാത്തുവിന്റെയും മംഗലത്ത് മറിയത്തിന്റെയും മകനായി 1929 ജൂൺ 15ന്  ജനിച്ചു. സ്വാതന്ത്രസമരം നടക്കുന്ന കാലത്ത് ത്രിവർണപതാക ഷർട്ടിന്റെ പോക്കറ്റിൽ കുത്തി സ്കൂളിൽ പോയതിന് സെന്റ് ആൽബർട്ട്സ് സ്കൂളിൽ നിന്ന് പുറത്താക്കി. എറണാകുളം മുനവിറുൽ ഇസ്ലാം സ്കൂളിലാണ് പഠനം തുടർന്നത്.പത്താം ക്ലാസിൽ ഒൗപചാരിക വിദ്യാഭ്യാസം നിർത്തി അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായി. കൊച്ചി സ്റ്റേറ്റ് വിദ്യാർത്ഥി ഫെഡറേഷൻ സെക്രട്ടറിയായിരുന്നു.1946–ൽ കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗമായി.

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ മുഖ്യപ്രതികളിലൊരാളായി 1950–ൽ അറസ്റ്റ് ചെയ്യപ്പെട്ട്  അതിഭീകരമായ പോലീസ് മർദ്ദനത്തിന് ഇരയാവുകയും രണ്ടുവർഷത്തോളം വിചാരണത്തടവുകാരനായി കഴിയുകയും ചെയ്‌തിരുന്നു.രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി 1965–ൽ കരുതൽ തടങ്കൽ നിയമമനുസരിച്ച് അറസ്‌റ്റ് ചെയ്യപ്പെട്ടും അടിയന്തിരാവസ്‌ഥക്കാലത്ത് മിസാ തടവുകാരനായും മറ്റും ആറു വർഷത്തിലേറെ വിവിധ ജയിലുകളിൽ കഴിഞ്ഞു.

പാർട്ടിക്കുളളിൽ പൊരുതിക്കയറിയ ചരിതവുമുണ്ട് ലോറൻസിന്. സേവ് സിപിഎം ഫോറം അന്വേഷണ റിപ്പോർട്ടിന്റെ തുടർച്ചയായി പാർട്ടി നടപടി നേരിട്ട് ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തപ്പെട്ടു. എന്നാൽ അവിടെ നിന്നു സംസ്ഥാന കമ്മിറ്റിയിലേക്കും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും ലോറൻസ് എത്തി.

ഭാര്യ പരേതയായ ബേബി. മക്കൾ: അഡ്വ. എം.എൽ. സജീവൻ, സുജാത , അഡ്വ. എം.എൽ. അബി, ആശ ലോറൻസ്. സ്വാതന്ത്ര്യ സമര പോരാളിയും പ്രസിദ്ധ സാഹിത്യകാരനുമായിരുന്ന അന്തരിച്ച എബ്രഹാം മാടാക്കൽ ലോറൻസിന്റെ ജേഷ്‌ഠനാണ്.

ENGLISH SUMMARY:

Veteran cpm leader MM Lawrence passes away