pooram-ajith-kumar
  • പൂരം കലക്കിയതില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്
  • 'ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല; പൊലീസ് നടപടി കോടതി നിര്‍ദേശം കൂടി പരിഗണിച്ച്'
  • 'സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കമ്മിഷണർക്ക് വീഴ്ച പറ്റി'

തൃശൂര്‍ പൂരം കലക്കിയതില്‍ ഗൂഡാലോചനയെന്ന ആരോപണം തള്ളി എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല. പ്രശ്നങ്ങള്‍ക്ക് കാരണം കമ്മീഷ്ണറായിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവെന്ന് കുറ്റപ്പെടുത്തല്‍. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന എഡിജിപിയും ഐ.ജിയും ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനേക്കുറിച്ച് റിപ്പോര്‍ട്ട് മൗനം പാലിക്കുകയുമാണ്.

 

 

അഞ്ച് മാസം ഒളിച്ചുകളിച്ചും പൂഴ്ത്തിയും ഇല്ലാതാക്കാന്‍ ശ്രമിച്ച റിപ്പോര്‍ട്ട് മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ ഇന്നലെ വൈകിട്ടാണ് ഡിജിപിക്ക് സമര്‍പ്പിച്ചത്. എന്നാല്‍ ഭരണകക്ഷിയായ സി.പി.ഐയും പ്രതിപക്ഷവുമെല്ലാം ഉയര്‍ത്തിയ ആരോപണം പൂര്‍ണമായും തള്ളിക്കൊണ്ടാണ് അജിത്കുമാറിന്റെ കണ്ടെത്തലുകള്‍. ഗൂഡാലോചന ഇല്ല എന്നതാണ് ഒന്നാമത്തെ പോയിന്റ്. ആരുടെയെങ്കിലും നിര്‍ദേശപ്രകാരമാണ് പൊലീസോ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ  പ്രവര്‍ത്തിച്ചത് എന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും എ.ഡി.ജി.പി വിശദീകരിക്കുന്നു. 

 

 

പൊലീസ്, ജില്ലാ ഭരണകൂടം, ദേവസ്വങ്ങള്‍ ഇവരുടെ കയ്യിലായിരുന്നു പൂര്‍ണ നിയന്ത്രണമെന്ന് വിശദീകരിച്ച് ബാഹ്യശക്തികളുടെ ഇടപെടലും തള്ളിക്കളയുന്നുണ്ട്.

ഇതൊക്കെയാണങ്കിലും മുന്‍പൊരിക്കലുമില്ലാത്ത പ്രശ്നങ്ങള്‍ പൂരത്തിലുണ്ടായെന്നും എ.ഡി.ജി.പി സമ്മതിക്കുന്നുണ്ട്. അതിന് രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഒന്ന് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സുരക്ഷാ നടപടികള്‍ കര്‍ശനമാക്കേണ്ടിവന്നത്. രണ്ടാമത്തേത്  കമ്മീഷണറായിരുന്ന അങ്കിത് അശോകനെ ഇടപെടല്‍. പൂരം മുന്നൊരുക്ക യോഗങ്ങള്‍ മുതല്‍ അങ്കിതിന് പാളി. ദേവസ്വങ്ങളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി നടപടികള്‍ പ്രഖ്യാപിച്ചു. പൂരദിവസം പരാതികള്‍ ഉയര്‍ന്നപ്പോള്‍ പരിഹരിക്കുകയോ പ്രതിഷേധക്കാരെ അനുനയിപ്പിക്കുകയോ ചെയ്തില്ല. പ്രശ്നങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ കൃത്യമായി അറിയിച്ചില്ല. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ വിന്യസിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍. 

 

ഇത്തരത്തില്‍ കമ്മീഷണറെയും ഏതാനും കീഴുദ്യോഗസ്ഥരെ മാത്രം കുറ്റപ്പെടുത്തി റിപ്പോര്‍ട്ട് അവസാനിക്കുമ്പോള്‍ ഒരു പ്രധാന ചോദ്യം ഉയരുന്നുണ്ട്. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ഡി.ജി.പി അജിത്കുമാറും ദക്ഷിണമേഖല ഐ.ജിയും തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുമൊന്നും എന്തുകൊണ്ട് കമ്മീഷണറുടെ വീഴ്ച പരിഹരിക്കാന്‍ ഇടപെട്ടില്ല. അതിനുള്ള വിശദീകരണം റിപ്പോര്‍ട്ടിലുണ്ടോയെന്നാണ് അറിയേണ്ടത്.

ENGLISH SUMMARY:

There is no evidence of conspiracy in the thrissur pooram row; ADGP's report