പുതുപ്പള്ളിയിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് ഒടുവിൽ ഇഎംഎസിന്‍റെ പേരിട്ടു. ഉമ്മൻചാണ്ടിയുടെ പേരിടണമെന്ന് കോൺഗ്രസും ഇഎംഎസിന്‍റെ പേരിടണമെന്ന് സിപിഎമ്മും ആവശ്യമുന്നയിച്ചതോടെ തർക്കം നിലനിന്നിരുന്നു. പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് ഉപവാസ സമരം നടത്തുകയാണ്.
പേര് ഇടാൻ കഴിയാതെ ഉദ്ഘാടനത്തിന് കാത്തുനിന്ന പുതുപ്പള്ളിയിലെ കമ്മ്യൂണിറ്റി ഹാളിന് ഒടുവിൽ പേരിട്ടു.. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിന്റെ തീരുമാനം തന്നെ വിജയിച്ചു. പുതുപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്തെ കമ്മ്യൂണിറ്റി ഹാൾ ഇനി ഇ എം എസ് സ്മാരക കമ്മ്യൂണിറ്റി ഹാൾ.. പുതുപ്പള്ളിക്കാരനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള അവഗണനയിൽ ശക്തമായ പ്രതിഷേധത്തിലാണ് കോൺഗ്രസ്.
എംഎൽഎ പ്രശ്നം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.
പഞ്ചായത്ത് കമ്മിറ്റിയിൽ അംഗീകരിച്ച തീരുമാനം പിൻവലിക്കാനുള്ള നിർദ്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പൊന്നമ്മ ചന്ദ്രൻ അറിയിച്ചു.ഉമ്മൻചാണ്ടിയോട് നാടിന് വലിയ ബഹുമാനമാണെന്നും പണിപൂർത്തിയാക്കുന്ന പുതിയ സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകുമെന്നും പ്രാദേശിക സിപിഎം നേതൃത്വം വിശദീകരിക്കുന്നു. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് നാളെ 11 മണിക്കാണ് നവീകരിച്ച കമ്മ്യൂണിറ്റി ഹാൾ നാടിന് സമർപ്പിക്കുക.