അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ ഭൗതികശരീരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതെന്ന് സിപിഎം പിബി അംഗം എം.എ. ബേബി മനോരമ ന്യൂസിനോട്. ചടങ്ങ് കലുഷിതമായത് ദൗര്‍ഭാഗ്യകരം. എന്തുകൊണ്ട് സംഭവിച്ചു എന്ന് മാധ്യമങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്നും എം.എ. ബേബി പറഞ്ഞു.

അതേസമയം, മൃതദേഹം ആശുപത്രിക്ക് നല്‍കുന്നത് സാമൂഹ്യനന്‍മയാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം എസ്. ശര്‍മ മനോരമ ന്യൂസിനോട്. കുടുംബാംഗങ്ങള്‍ ആണെങ്കിലും അസഹിഷ്ണുത പുലര്‍ത്തുന്നത് ശരിയല്ല. ഒരുമുതിര്‍ന്ന നേതാവിന്റെ പൊതുദര്‍ശനത്തിലെ അനിഷ്ടകാര്യങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും ശര്‍മ പറഞ്ഞു.

അതിനിടെ എം.എം.ലോറൻസിന്റെ ഭൗതികശരീരം മെഡിക്കൽ കോളജിന് കൈമാറുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഹൈക്കോടതി നിർദേശപ്രകാരമാണ് കളമശേരി മെഡിക്കൽ കോളജ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതിനായി ലോറൻസിന്‍റെ രണ്ട് മക്കൾ സമ്മതപത്രം നൽകിയിരുന്നു. ഇതോടൊപ്പം ഇളയ മകൾ ആശ ലോറൻസിന്റെ എതിർപ്പും മെഡിക്കൽ കോളജ് പരിഗണിക്കും. 

ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്നും, ക്രിസ്തീയ മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മകൾ ആശ ലോറൻസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ ഹർജിയിലാണ് ആശ ലോറൻസിന്‍റെ എതിർപ്പ് കൂടി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചത്.

ENGLISH SUMMARY:

CPM leader MA Baby said that the controversies regarding the handing over of Lawrence's body could have been avoided.