ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി, പരാതിക്കാരിയെ വ്യക്തിഹത്യ നടത്താനാവില്ലെന്നും വ്യക്തമാക്കി. 2016 ല്‍ തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. പരാതിയില്‍ സിദ്ദിഖിനെതിരെ ശക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. നടനും പരാതിക്കാരിയും ഒരേ ദിവസം, ഒരേ സമയം ഹോട്ടലിൽ ഉണ്ടായിരുന്നതിനു തെളിവാണ് ലഭിച്ചത്. സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചതിന്‍റെ രേഖകളും പരാതിക്കാരി ഗസ്റ്റ് റജിസ്റ്ററില്‍ ഒപ്പിട്ടതിന്‍റെ രേഖകളുമായിരുന്നു ഇത്.
അതേസമയം, സിദ്ദിഖിന്‍റെ അറസ്റ്റിന് തടസമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കോടതിയുടെ ഉത്തരവനുസരിച്ചാകും തുടര്‍നടപടികള്‍. തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തിവന്നത്. കന്‍റോണ്‍മെന്‍റ് അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകള്‍ ശേഖരിച്ചത്. Also Read : 'നീ പുറത്തുപറഞ്ഞാല്‍ പുല്ലാണ്'; സിദ്ദിഖിനെ കുറിച്ച് നടി പറഞ്ഞത്
സിനിമ ചര്‍ച്ചകള്‍ക്കായി തന്നെ ഹോട്ടലിലേക്ക് സിദ്ദിഖ് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് നടി മനോരമന്യൂസിനോടും വെളിപ്പെടുത്തിയിരുന്നു. മുറിയില്‍ എത്തിയശേഷമാണ് ചതിക്കപ്പെട്ടെന്ന് മനസിലായതെന്നും നടി വെളിപ്പെടുത്തിയിരുന്നു. കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടതോടെയാണ് സിദ്ദിഖ് കോടതിയെ സമീപിച്ച് പരാതിയുടെ പകര്‍പ്പും എഫ്.ഐ.ആര്‍ പകര്‍പ്പും ആവശ്യപ്പെട്ടത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു.