ബലാല്‍സംഗക്കേസില്‍ അറസ്റ്റ് ഉറപ്പായതിന് പിന്നാലെ നടന്‍ സിദ്ദിഖ് ഒളിവിലെന്ന് സൂചന. നടനെതിരെ ലുക്കൗട്ട് നോട്ടിസ് നിലവിലുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വിമാനത്താവളങ്ങളിലടക്കം തിരച്ചില്‍ ഊര്‍ജിതമാക്കി. ആലുവ കുട്ടമശേരിയിലെ വീട്ടിലും കാക്കനാട്ടെ വീട്ടിലും സിദ്ദിഖ് ഇല്ല. നടന്‍റെ ഫോണും സ്വിച്ച്ഡ് ഓഫ് ആണ്. ഇന്നലെ അദ്ദേഹം കാക്കനാട്ടെ വീട്ടിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കാര്‍ കുട്ടമശേരിയിലെ വീട്ടിലുണ്ട്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അറസ്റ്റുണ്ടായേക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. പ്രത്യേക യോഗം ചേര്‍ന്ന അന്വേഷണ സംഘം സിദ്ദിഖിന്‍റെ അറസ്റ്റിന് കൊച്ചി പൊലീസിനും നിര്‍ദേശം നല്‍കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന് പിന്നാലെ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അതുവരെ കാത്തിരിക്കേണ്ടെന്ന് അന്വേഷണ സംഘം നിലപാടെടുക്കുകയായിരുന്നു. Also Read : സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യമില്ല
സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പരാതി നല്‍കിയതിലെ കാലതാമസം കണക്കാക്കേണ്ടെന്നും പരാതിക്കാരിയെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സിദ്ദിഖിനെതിരെ മതിയായ തെളിവുകളുണ്ടെന്നും അറസ്റ്റ് ചെയ്യുന്നതില്‍ മറ്റ് തടസമില്ലെന്നുമായിരുന്നു അന്വേഷണസംഘവും അറിയിച്ചത്.
അതേസമയം, കേസിലെ രഹസ്യ വിവരങ്ങള്‍ പുറത്തായതില്‍ പരാതിക്കാരി അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കങ്ങളില്‍ അതൃപ്തിയുണ്ടെന്നും ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സമയം കിട്ടിയിട്ടുണ്ടെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണവും പരാതിക്കാരി ഉയര്‍ത്തുന്നു.