arjun

TOPICS COVERED

അർജുനായുള്ള തിരച്ചിൽ 72ആം ദിവസം ലക്ഷ്യം കാണുമ്പോൾ കടന്നുപോയത് പ്രതിസന്ധികളുടെ നാളുകൾ. ആദ്യഘട്ടത്തിൽ കുടുംബത്തിന്റെ ആവശ്യപ്രകാരം കര കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിൽ ഒരാഴ്ചയ്ക്ക് ശേഷമാണ് ഗംഗാവലിപ്പുഴയിലേക്ക് മാറ്റിയത്. പ്രതികൂല കാലാവസ്ഥ പല തവണ ദൗത്യത്തിന് വിലങ്ങുതടിയായി. 

 

അർജുനും ലോറിയും മണ്ണിനടിയിൽ കാണാനുള്ള സാധ്യത കുറവാണെന്ന് തിരിച്ചറിഞ്ഞ ജില്ലാ ഭരണകൂടം ആദ്യം ഗംഗാവലി പുഴയിൽ കൂടുതൽ തിരച്ചിൽ നടത്താനാണ് തീരുമാനിച്ചത്. എന്നാൽ ലോറി ഉടമ മനാഫും അർജുന്റെ ബന്ധുക്കളും മണ്ണിനടിയിൽ തന്നെയുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു. രാഷ്ട്രീയ സമ്മർദ്ദം കൂടിയായതോടെ കരയിൽ തന്നെ തന്നെ തിരച്ചിൽ തുടർന്നു. രഞ്ജിത്ത് ഇസ്രായേലിയും കേരളത്തിൽനിന്ന് കൂടുതൽ രക്ഷാപ്രവർത്തകരും ഷിരൂരിലെത്തി. ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തി രഞ്ജിത്ത് ഇസ്രായേലി പലതവണ രംഗത്തെത്തി. കാർവാർ എസ്പി. എം നാരായണയുമായി മനാഫ് കോർത്തു. ജൂലൈ 21ന് കരയിൽ മണ്ണിനടിയിൽ വാഹനമില്ലെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു.

അടുത്ത ദിവസം മുതൽ ഗംഗാവലി പുഴയിൽ പരിശോധന തുടങ്ങി. എന്നാൽ കനത്ത മഴയും ഗംഗാവലിപ്പുഴയിലെ അടിയൊഴുക്കും പുഴയിലെ തിരച്ചിലിന് വിലങ്ങു തടിയായി. ജൂലൈ 31 ന് ആദ്യഘട്ട തിരച്ചിൽ അവസാനിപ്പിച്ചു. ഓഗസ്റ്റ് 13മുതൽ ഈശ്വർ മൽപെയും സംഘവും നാവികസേനയും പുഴയിലിറങ്ങി പരിശോധന നടത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ രണ്ടാംഘട്ടത്തിലെ തിരിച്ചിലും അവസാനിപ്പിച്ചു. ഒടുവിൽ ഗോവയിൽ നിന്ന് ഡ്രജർ എത്തിച്ചു നടത്തിയ പരിശോധനയിൽ 72ആം ദിവസം കാത്തിരുന്ന ഉത്തരമെത്തി.

ENGLISH SUMMARY:

Arjun lorry Karnataka landslide