deadbody-wayanad-walk

വയനാട് നെന്‍മേനി വലിയമൂല ഊരുകാരും മനുഷ്യര്‍ തന്നെയാണ് . ആ പരിഗണന പക്ഷേ ആദിവാസിക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരാരും നല്‍കുന്നില്ലെന്നതാണ് ഇവരുടെ അനുഭവം . കഴിഞ്ഞദിവസം ആശുപത്രിയില്‍ മരിച്ചയാളുടെ മൃതദേഹം രണ്ടുകിലോമീറ്റര്‍ ചുമന്നാണ്  ബന്ധുക്കള്‍ ഊരിലേക്ക് എത്തിച്ചത്. ഊരില്‍ നിന്ന്  രോഗികളെ ആശുപത്രിയിലെത്തിക്കുന്നതും തലച്ചുമടായാണ്. ഗതാഗതയോഗ്യമയ റോഡോ അനുബന്ധ സൗകര്യങ്ങളോ ഇല്ലാതെയാണ് ഈ ഊരില്‍ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ ജീവിതം തള്ളി നീക്കുന്നത് 

 

പത്തു വർഷം മുമ്പ് ഇവിടേക്ക് റോഡിന് അനുമതി ലഭിച്ചെങ്കിലും  അധികൃതർ കണ്ണടച്ചിരിപ്പാണ്. ജനപ്രതിനിധികളും ഇടപെടുന്നില്ല.മഴക്കാലമായാല്‍ ആകെയുള്ള നടപ്പാത ചെളിയിൽ മുങ്ങും. പിന്നെ കുട്ടികളാരും സ്കൂളിൽ പോലും പോവാറില്ല. ജീവന്‍ പണയപ്പെടുത്തി സര്‍ക്കസ് നടത്തിയാണ് ഊരിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതും. 

അമ്പുകുത്തിയിൽ നിന്ന് ഊരിലേക്കുള്ള റോഡിനാണ് സര്‍ക്കാര്‍ അനുമതിയുള്ളത്. ഫണ്ടും അനുവദിച്ചു. ജനങ്ങൾ സൗജന്യമായി ഭൂമി നൽകി. സര്‍വേ തുടങ്ങിയെങ്കിലും മുന്നോട്ടുപോയില്ല. പിഞ്ചു കുഞ്ഞുങ്ങളടക്കം അഞ്ചു കുടുംബങ്ങൾ ദുരിതം പേറി ഊരിലുണ്ട്.