eshwar-malpe-arjun-shiroor

TOPICS COVERED

അർജുനായുള്ള കാത്തിരിപ്പ് അവസാനിക്കുന്ന ഘട്ടത്തിൽ മലയാളിക്ക് മറക്കാൻ സാധിക്കാത്ത പേരാണ് ഈശ്വർ മൽപെ. ആദ്യ ഘട്ടത്തിൽ റോഡിലെ മണ്ണ് നീക്കിയുള്ള പരിശോധനയ്ക്ക് പുഴയിൽ നിന്നും മലയാളിക്ക് പ്രതീക്ഷ നൽകുന്ന വിവരങ്ങൾ മുങ്ങിയെടുത്തത് ഈശ്വർ മൽപെയായിരുന്നു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് കുത്തൊഴുക്കുള്ള ​ഗം​ഗാവലി പുഴയി ഈശ്വർ മൽപെ തിരച്ചിൽ നടത്തിയത്. 

Also Read: 'ഈ മനുഷ്യനെയാണ് ചീത്ത വിളിച്ചത്'; മനാഫിനെ ചേർത്തു പിടിച്ച് സോഷ്യൽ മീഡിയ

​ഗം​ഗാവലി പുഴയിലെ കുത്തൊഴുക്കിനെ തുടർന്ന് നേവി വിലക്കിയിട്ടും ഒരുവേള ഈശ്വർ മൽപെ പുഴയിലേക്കിറങ്ങി. അതിശക്തമായ ഒഴുക്കായതിനാൽ പുഴയിലേക്ക് ഇറങ്ങരുതെന്നായിരുന്നു നേവിയുടെ ഉപദേശം. അർജുന് വേണ്ടിയും മറ്റ് രണ്ട് സഹോദരങ്ങൾക്ക് വേണ്ടിയും താഴെ ഇറങ്ങുന്നു എന്നും ആത്മവിശ്വാസമുണ്ടെന്നുമായിരുന്നു ഈശ്വർ മാൽപെ പറഞ്ഞത്. പുഴയിലിറങ്ങുന്നത് സ്വന്തം റിസ്കിലെന്ന് എഴുതി കൊടുത്തിട്ടാണ് ഈശ്വർ മാൽപെ പരിശോധന നടത്തിയത്.

ഷിരൂരിൽ ഈശ്വർ മൽപെ നടത്തിയ തിരച്ചിലിലാണ് അർജുൻ ഓടിച്ച ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയത്. 30 കിലോയോളം വരുന്ന ജാക്കിയും പൊങ്ങികൊണ്ടാണ് ഈശ്വർ മാൽപെ വെള്ളത്തിൽ നിന്നും പൊങ്ങി വന്നത്. ഒരു വിവരവും ലഭിക്കാത്ത സമയത്ത് പ്രതീക്ഷയായിരുന്നു ഈശ്വർ മാൽപെയുടെ തിരച്ചിൽ. 

അർജുനുവേണ്ടിയുള്ള തിരച്ചിലന്റെ പന്ത്രണ്ടാം ദിനമാണ് ഈശ്വർ മാൽപെ തിരച്ചലിന് എത്തുന്നത്. ജില്ലാ കലക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേരിൽ വിളിച്ച് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടണെമെന്ന് അഭ്യർഥിച്ചതിനെ തുടർന്നാണ് എട്ടുപേരടങ്ങുന്ന മാൽപെ സംഘം ഷിരൂരിൽ എത്തിയത്. പിന്നീട് കേരളത്തിനൊപ്പം രക്ഷാപ്രവർത്തനത്തിൽ സജീവമാവുകയായിരുന്നു ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘം. 

എന്നാൽ അർജുന്റെ ലോറി പൊക്കിയെടുക്കുന്ന സമയത്ത് ഷിരൂരിൽ ഈശ്വർ മാൽപെ ഉണ്ടായിരുന്നില്ല. ഞായറാഴ്ച മൽപെ സംഘം തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയിരുന്നു. വെള്ളത്തിൽ മുങ്ങിയുള്ള തിരച്ചിലിന് അനുമതിയില്ലാത്തതിനാലാണ് മടക്കം. സ്വതന്ത്രമായി തിരച്ചിൽ നടത്താൻ അനുമതി വേണമെന്നും അധികൃ‍തർ സഹകരിക്കുന്നില്ലെന്നുമായിരുന്നു മൽപെ മനോരമ ന്യൂസിനോട് പറഞ്ഞത്. 

കർണാടകയിലെ മൽപെയിൽ മൽസ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചുവളർന്ന ഈശ്വർ മൽപെ ഓക്സിജൻ കിറ്റിന്റെ സഹായമില്ലാതെ മൂന്നു മിനുറ്റോളം പുഴയുടെ അടിത്തട്ടിലിറങ്ങി രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന മുങ്ങൽ വിദഗ്ധനെന്ന എന്ന നിലയിൽ പ്രസിദ്ധനാണ്. ജലാശയങ്ങളിലുണ്ടാകുന്ന അപകടങ്ങളിൽ 20 വർഷത്തോളമായി രക്ഷാപ്രവർത്തകനായെത്തുന്ന ഈശ്വർ മൽപെയെ ഉഡുപ്പിയിലെ 'അക്വാ മാൻ' എന്നാണറിയപ്പെടുന്നത്. 

100 അടി വരെ താഴ്ചയുള്ള ജലാശയങ്ങളിൽ ഡൈവ് ചെയ്ത് രക്ഷാപ്രവർത്തനം നടത്താനാകുമെന്നതാണ് ഈശ്വർ മൽപെയുടെയും സംഘത്തിന്റെയും പ്രത്യേകത. ഇതുവരെ ആയിരത്തോളം പേരെയാണ് മൽപെയും സംഘവും ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. മൽപെയുടെ വൈദഗ്ദ്യം മനസിലാക്കി സഹായം തേടിയെത്തിയ കർണാടക പൊലീസിനായി ഇരുന്നുറോളം മൃതദേഹങ്ങളും ഇദ്ദേഹം കണ്ടെടുത്തിട്ടുണ്ട്. 

ENGLISH SUMMARY:

Eshwar malpe brings hope in Shirur steps into river at own risk.