pinarayi-mr-ajith-kumar-1

പൂരം കലക്കലില്‍ തുടരന്വേഷണ സാധ്യത തള്ളാതെ മുഖ്യമന്ത്രി. ആഭ്യന്തര സെക്രട്ടറിയുടെ അഭിപ്രായം അറിയട്ടെ എന്നിട്ട് തുടര്‍നടപടി ആലോചിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പൂരം അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചു. ‘ഡി.ജി.പിയുടെ കുറിപ്പോടെ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ലഭിച്ചു. ആഭ്യന്തര സെക്രട്ടറി പരിശോധിക്കും. തുടര്‍നടപടി ആഭ്യന്തര സെക്രട്ടറിയുടെ അഭിപ്രായം അറിഞ്ഞശേഷം ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പി. തുടരന്വേഷണം നിര്‍ദേശിച്ച വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്.

അതേസമയം എ.ഡി.ജി.പിക്കെതിരായ അന്വേഷണം ആരെ ബോധ്യപ്പെടുത്താനെന്ന് കെ.സുധാകരന്‍. എഡിജിപി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിക്കുവേണ്ടി പറഞ്ഞ അദ്ദേഹം ആളുകളെ കബളിപ്പിക്കാന്‍ വേണ്ടിയാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും ആരോപിച്ചു. പൂരം കലക്കിയത് സുരേഷ് ഗോപിക്കായി, സുരേഷ് ഗോപിക്ക് തൃശൂര്‍ അങ്ങ് കൊടുത്തെന്നും സുധാകരന്‍.

തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട്  സ്വന്തം നിലയില്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലൂടെ കുറ്റവിമുക്തനാകാനുള്ള എഡിജിപി എം.ആര്‍ അജിത് കുമാറിന്‍റെ നീക്കത്തിന് ഡിജിപി തന്നെ തടയിടുകയായിരുന്നു. എഡിജിപി തയ്യാറാക്കിയ റിപ്പോര്‍ട്ട് അതുപടി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഡിജിപി തയ്യാറായില്ല. ഈ റിപ്പോര്‍ട്ടിനൊപ്പം എഡിജിപിക്കുണ്ടായ വീഴ്ചകള്‍ കൂടി രേഖപ്പെടുത്തിയാണ് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയത്. ‌ALSO READ: 'പൂരം മുടങ്ങുമെന്ന് അറിഞ്ഞിട്ടും എഡിജിപി ഇടപെട്ടില്ല'; വീഴ്ചകള്‍ എണ്ണി ഡിജിപിയുടെ 'കുറ്റപത്രം'

മുഖ്യമന്ത്രിക്ക് കൈമാറിയ അന്വേഷണ റിപ്പോർട്ട് എഡിജിപിക്കെതിരായ കുറ്റപത്രമാക്കി ഡിജിപി മാറ്റി. റിപ്പോർട്ടിനൊപ്പം ഉൾപ്പെടുത്തിയ തന്‍റെ നിർദേശങ്ങളുടെ കൂടെ അജിത് കുമാറിന്‍റെ നാല് വീഴ്ചകളാണ് ഡിജിപി എഴുതി ചേർത്തത്. 1) പൂരം മേൽനോട്ടത്തിനായി തൃശൂരിലേക്ക് അയച്ചിട്ടും കൃത്യമായ മേൽനോട്ടം നടത്തിയില്ല. 2) പൂരം മുടങ്ങുന്ന സാഹചര്യം അറിഞ്ഞിട്ടും തൃശൂരിലുണ്ടായിരുന്ന എഡിജിപി നേരിട്ടെത്തി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചില്ല. 3) പൂരത്തിന് രണ്ട് ദിവസം മുൻപെത്തി പൊലീസ് മുൻകൂട്ടി തയാറാക്കി വെച്ച സുരക്ഷാ ക്രമീകരണങ്ങൾ അടിമുടി മാറ്റി ആശയക്കുഴപ്പം സൃഷ്ടിച്ചു. 4) ഒരാഴ്ചകൊണ്ട് തീർക്കേണ്ട അന്വേഷണം അനുമതി കൂടാതെ മാസങ്ങളോളം വൈകിപ്പിച്ച് അനാവശ്യവിവാദത്തിനിടയാക്കി. വീഴ്ചകളൊക്കെ ചൂണ്ടിക്കാട്ടിയ ശേഷം, പൂരം കലങ്ങിയതിൽ ആസൂത്രിത നീക്കമുണ്ടോയെന്ന് കണ്ടെത്താൻ തുടരന്വേഷണമാണ് ഉചിതമെന്ന അഭിപ്രായവും ഡിജിപി രേഖപെടുത്തുന്നു.

ENGLISH SUMMARY:

The Chief Minister did not rule out the possibility of further investigation into the Pooram controversies. ADGP's report was received with DGP's note. The Home Secretary will check. Further action can be taken after getting the opinion of the Home Secretary, said the Chief Minister.