eramalloor-bus-attack

ആലപ്പുഴ എരമല്ലൂരിൽ സ്വകാര്യ ബസ് ചെളി തെറിപ്പിച്ചുവെന്ന് ആരോപിച്ച് ബൈക്ക് യാത്രികന്‍റെ അതിക്രമം. ബസിന്‍റെ ചില്ലുകൾ അടിച്ചു തകർത്ത ബൈക്ക് യാത്രികൻ ഡ്രൈവർ മാത്യുവിന്‍റെ തലയിൽ പെട്രോളൊഴിച്ചു. ബസില്‍ യാത്രക്കാരുള്ളപ്പോളാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് യാത്രക്കാരും പരിഭ്രാന്തരായി. സംഭവത്തില്‍ ബൈക്ക് യാത്രികൻ എഴുപുന്ന സ്വദേശി സോമേഷിനെ അരൂർ പൊലിസ് അറസ്റ്റ്  ചെയ്തു.

ഇന്നു രാവിലെ ഒൻപതു മണിയോടെ അരൂർ- തുറവൂർ ഉയരപ്പാത മേഖലയിൽ എഴുപുന്ന ജങ്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. ചേർത്തലയിൽ നിന്ന് അരൂരിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. എഴുപുന്നയിൽ വച്ച് ബൈക്ക് യാത്രികനായ സോമേഷ് ബസ് തടഞ്ഞു. തന്‍റെ ദേഹത്ത് ചെളി തെറിപ്പിച്ചുവെന്ന് പറഞ്ഞ് ബഹളുണ്ടാക്കിയ യുവാവ് ബസിന്‍റെ ചില്ലുകൾ തകർത്തു. ഡ്രൈവറുടെ തലയിൽ പെട്രോളൊഴിച്ചു. തീ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡ്രൈവർ മാത്യുവിനെ കയ്യേറ്റം ചെയ്തു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഡ്രൈവർ മാത്യുവിന്‍റെ കയ്യിലും കണ്ണിനും പരുക്കേറ്റിട്ടുണ്ട്.

സംഘർഷാവസ്ഥ ഉണ്ടായതോടെ ഗതാഗതം തടസപ്പെട്ടു. അരൂർ പൊലിസെത്തി ബസ് തകർത്ത സോമേഷിനെ അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവർ മാത്യുവിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഡ്രൈവർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ചേർത്തല -അരൂർ റൂട്ടിലെ സ്വകാര്യ ബസുകൾ പണി മുടക്കി.

ENGLISH SUMMARY:

Biker attacked bus driver on Arur-Thuravur highway. Windows of the bus were smashed and petrol was poured on the driver's head.