monkey

TOPICS COVERED

ഷോക്കേറ്റ് വൈദ്യുതി കമ്പിയില്‍ കുടുങ്ങിയ കുട്ടിക്കുരങ്ങന്‍റെ ജീവന്‍ തിരിച്ചുപിടിച്ച് നാട്ടുകാര്‍. കൊല്ലം വിളക്കുടി ഗ്രാമ പഞ്ചായത്തിലെ മീനംകോടാണ് സംഭവം. മറ്റ് കുരങ്ങുകള്‍ക്കൊപ്പം മരങ്ങളില്‍ ചാടി നടന്ന കുട്ടിക്കുരങ്ങ് അബദ്ധത്തില്‍ വൈദ്യുതി ലൈനില്‍ കുടുങ്ങി. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതം ഏല്‍ക്കുകയും ചെയ്തു. നാട്ടുകാരില്‍ ഒരാള്‍ മുളംകമ്പുകൊണ്ട് കുരങ്ങിനെ തട്ടിത്താഴെയിട്ടു. എന്നാല്‍ കുട്ടിക്കുരങ്ങന് ബോധം നഷ്ടപ്പെട്ടിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ ഷാനവാസ് വനംവകുപ്പ് അധികൃതരെ വിളിച്ചുപറഞ്ഞെങ്കിലും ആരും വന്നില്ല. കുരങ്ങ് ചത്തുപോകുമെന്ന് തോന്നിയതോടെ ഷാനവാസ് കുരങ്ങിനെ ചാക്കില്‍ കിടത്തി മൃഗാശുപത്രിയിലേക്ക് പാഞ്ഞു. ആശുപത്രിയില്‍ ഡോക്ടര്‍ അടിയന്തര ചികില്‍സ നല്‍കി. അല്‍പനേരം കഴിഞ്ഞ് കുട്ടിക്കുരങ്ങന്‍ കണ്ണുതുറന്നു. വിശന്നിരുന്ന കുരങ്ങിന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഷാനവാസ് തൊട്ടടുത്ത കടയില്‍ നിന്ന് പഴം വാങ്ങിക്കൊടുത്തു. പഴമൊക്കെ തിന്നുകഴിഞ്ഞപ്പോള്‍ കുട്ടിക്കുരങ്ങ് ഉഷാറായി. മൃഗാശുപത്രിയിലെ കൂട്ടിലടച്ച കുരങ്ങിനെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുമ്പോള്‍ തുറന്നുവിടും.

 
ENGLISH SUMMARY:

In a heartwarming incident, an auto-rickshaw driver, along with local residents, worked together to rescue a baby monkey that had become entangled in an electric wire.