കാഞ്ഞിരപ്പള്ളിയിൽ നടുറോഡിൽ ബ്രേക്ക് ഡൗണായ വാഹനം നന്നാക്കാന്‍ സഹായിച്ച് പൊലീസുകാര്‍. ചേപ്പുംപാറയിലെ കൊടുംവളവിനടുത്താണ് പിക്കപ് വാൻ പഞ്ചറായത്. വാനിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി അമ്പരന്നുനില്‍ക്കുമ്പോഴാണ് പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം അതുവഴി വന്നത്. നടുറോഡില്‍ വണ്ടി നില്‍ക്കുന്നത് കണ്ട പൊലീസുകാര്‍ വാഹനത്തില്‍ നിന്നിറങ്ങി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. എസ്.ഐ പി.കെ.ചാക്കോ, എ.എസ്.ഐ ജയ്സല്‍ പി.ബഷീര്‍, സി.പി.ഒ പ്രദീപ് അപ്പുക്കുട്ടന്‍ എന്നിവര്‍ സഹായഹസ്തം നീട്ടി. പിക്കപ് വാന്‍ ജാക്കിവച്ച് ഉയര്‍ത്തി. പഞ്ചറായ ടയര്‍ മാറ്റി, സ്റ്റെപ്പിനി ടയര്‍ ഇട്ട് വാഹനം നേരെയാക്കി. എ.എസ്.ഐ ജയ്സലാണ് മെക്കാനിക്കിന്റെ റോള്‍ ഏറ്റെടുത്തത്. അരമണിക്കൂര്‍ കൊണ്ട് വണ്ടി റെഡി! ജയ്സല്‍ പിക്കപ്പില്‍ വന്നവര്‍ക്കൊപ്പം ടയര്‍ മാറ്റുന്ന സമയത്ത് മറ്റ് ഉദ്യോഗസ്ഥര്‍ കൊടുംവളവിലൂടെയുള്ള ഗതാഗതം ഭംഗിയായി നിയന്ത്രിച്ച് സഹായിച്ചു. ദേശീയപാതയിലൂടെ കടന്നുപോയ യാത്രക്കാര്‍ പൊലീസുകാരുടെ സേവനം ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഡ്യൂട്ടിക്കിടയിലുള്ള ഈ പ്രവൃത്തിക്ക് അഭിനന്ദനപ്രവാഹമാണ് ഇപ്പോള്‍.