വയനാട് പാക്കത്ത് കാട്ടാന ചവിട്ടിക്കൊന്ന വനംവകുപ്പ് വാച്ചറുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ഒന്നും നല്‍കിയില്ലെന്ന് പരാതി. കൊല്ലപ്പെട്ട പോളിന്‍റെ ആശ്രിതര്‍ക്ക് ജോലിയോ മകളുടെ പഠനച്ചെലവോ നല്‍കിയില്ല. കടബാധ്യതയെങ്കിലും ഒഴിവാക്കി നല്‍കാന്‍ ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.
ഫെബ്രുവരി പതിനാറിന് രാവിലെയാണ് പാക്കം സ്വദേശി പോളിനെ കുറുവാ ദ്വീപിനടുത്തുവച്ച് കാട്ടാന ആക്രമിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഇതിനുപിന്നാലെ കടുത്ത ജനകീയ പ്രതിഷേധം ഉയര്‍ന്നു. ഒടുവില്‍ സര്‍ക്കാര്‍ പോളിന്‍റെ കുടുംബത്തിന് വലിയ സഹായങ്ങള്‍ പ്രഖ്യാപിച്ചു. കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, മകളുടെ വിദ്യാഭ്യാസച്ചെലവ്, കടം എഴുതിത്തള്ളല്‍, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി എന്നിവയായിരുന്നു വാഗ്ദാനങ്ങള്‍. പക്ഷേ ഒന്നുപോലും നടപ്പായില്ല.
വനംവകുപ്പ് നൽകിയ 10 ലക്ഷം രൂപയും ഇൻഷുറൻസ് തുകയും മാത്രമാണ് പോളിന്‍റെ കുടുംബത്തിന് ലഭിച്ചത്. മകളുടെ വിദ്യാഭ്യാസച്ചെലവോ കടം എഴുതിത്തള്ളുമെന്ന വാഗ്ദാനമോ ആശ്രിതജോലിയോ നടപ്പായില്ല. ഇന്നും ഓഫിസുകൾ കയറിയിറങ്ങി നടക്കുകയാണ് ഈ കുടുംബം.
പോളിന്‍റെ രോഗിയായ ഭാര്യ ഷാലി കടുത്ത ആശങ്കയിലാണ്. ചെറിയ കൃഷികള്‍ ചെയ്താണ് കുടുംബം കഴിയുന്നത്. ഉള്ളതെല്ലാം വിറ്റാലും തീരാത്ത കടബാധ്യതയുണ്ട് ബാങ്കിൽ. ആശങ്ക ഇരട്ടിയാക്കി കാട്ടാനകള്‍ സ്ഥിരമായി വീടിനു സമീപത്തെത്തുന്നുണ്ട്. ഫെൻസിങ്ങും മേഖലയിൽ പരിശോധന ശക്തമാക്കുമെന്ന ഉറപ്പും നടപ്പായില്ല. എല്ലാം നഷ്ടപ്പെട്ട ഈ കുടുംബത്തെ ഇനിയും അവഗണിക്കരുതെന്നാണ് ജനപ്രതിനിധികളടക്കമുള്ളവരുടെ അപേക്ഷ.