arjun-homage

കണ്ണാടിക്കലിന്റെ കാത്തിരിപ്പ് തുടങ്ങിയിട്ട് 80 ദിവസങ്ങളായി. അന്നുമുതല്‍ നാടും വീടും കാത്തിരിക്കുകയാണ് അര്‍ജുന്റെ തിരിച്ചുവരവിനായി.  ലോറിവളയത്തിനുള്ളില്‍ ഭാവിസ്വപ്നങ്ങള്‍ കരുതിയായിരുന്നു ആ  ചെറുപ്പക്കാരന്‍ അന്നും യാത്ര തിരിച്ചത്. മരത്തടിയും പേറി പോയ വഴികളിലൂടെ പക്ഷേ അര്‍ജുന്‍ സ്വപ്നം കണ്ട തിരിച്ചുവരവല്ല, ജീവിച്ചു തുടങ്ങിയ ചെറുപ്പക്കാരന്റെ അന്ത്യയാത്ര ഇനിയും ആ നാടിന് താങ്ങാവുന്നതല്ല. 

കണ്ണാടിക്കല്‍ നാടിന്റെ  ജനകീയ പ്രശ്നങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്ത ചെറുപ്പക്കാരനായിരുന്നു അര്‍ജുന്‍.  കേരളത്തിന്െ മനസ് മുഴുവന്‍ ആ കുടുംബത്തോടൊപ്പം നിന്നത് ഒറ്റമനസോടെ, ഒരേഒരു ചിന്തയോടെയായിരുന്നു. വളരെ വൈകാരികമായാണ് ആ നാട് പ്രതികരിക്കുന്നത്.  എല്ലാവര്‍ക്കും പ്രിയപ്പെട്ട മോനാണെന്ന് കണ്ണാടിക്കലിലെ ഒരമ്മ പറയുന്നു. കുഞ്ഞുപ്രായം മുതലേ അര്‍ജുനെ അറിയാവുന്ന അമ്മമാരും അയല്‍ക്കാരും കുഞ്ഞുങ്ങളും എല്ലാം വേദനയിലാണ്.  

ജൂലൈ 16നാണ് ദേശീയപാത 66ല്‍ ഷിരൂരില്‍ ദുരന്തം സംഭവിച്ചത്. അന്നുമുതല്‍ അര്‍ജുനായുള്ള തേടലാണ് കണ്ടത്.  ഇന്നലെ ഡിഎന്‍എ പരിശോധനക്കു ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയത്.  അഴിയൂരില്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ ആണ് മൃതദേഹം ഏറ്റുവാങ്ങിയത്.

 വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കാരം നടത്തും. പുലര്‍ച്ചെ ഒന്നരയോടെയാണ് മൃതദേഹം തലപ്പാടിയില്‍ എത്തിച്ചത്.    കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിലും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.  കേരള, കര്‍ണാടക പൊലീസ് സംഘവും വിലാപയാത്രയ്ക്കൊപ്പമുണ്ട്. 

പൂളാടിക്കുന്നില്‍ വിലാപയാത്രക്കുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിട്ടുണ്ട്.  അര്‍ജുന്റെ സുഹൃത്തുക്കളും ലോറിത്തൊഴിലാളികളും വിലാപയാത്രയെ അനുഗമിക്കും.  മരത്തടികളുമായി ഒരാഴ്ച നീണ്ട യാത്രക്കായാണ് അര്‍ജുന്‍ അന്ന് യാത്ര തിരിച്ചത്. തിരിച്ചുള്ള യാത്ര അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല. അപകടം നടന്ന ശേഷം പോലും അര്‍ജുന്‍ മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചവരാണ് നമ്മള്‍. 

Homage to Arjun,Who died in Shirur landslide:

Homage to Arjun,Who died in Shirur landslide. It's been 80 days of waiting. Friends relatives and neighboures waiting to see him.