ഷിരൂരിലെ അപകടത്തിൽ മരിച്ച അർജുന്റെ സംസ്കാരത്തിന് പിന്നാലെ നടന്ന വിവാദം കേരളം മുഴുവന്‍ ചര്‍ച്ചയായിരുന്നു. ട്രക്കുടമ മനാഫും അർജുന്റെ കുടുംബവും തമ്മിൽ രൂപപ്പെട്ട സ്വര ചേർച്ചയില്ലായ്മയായിരുന്നു അത്. എന്നാല്‍ ഇരു കുടുംബാംഗങ്ങളെയും ഒന്നിച്ചിരുത്തി നടത്തിയ മധ്യസ്ഥ ചർച്ചയിൽ പ്രശ്നം രമ്യമായി പരിഹരിച്ചതിന് പിന്നാലെ ഉദ്ഘാടന തിരക്കിലാണ് ലോറി ഉടമ മനാഫ്. നിരവധി പരിപാടികളിലെ ഉദ്ഘാടകനാണ് ഇപ്പോള്‍ മനാഫ്. സോഷ്യല്‍ മീഡിയില്‍ മനാഫ് ഫാന്‍സ് അസോസിയോഷനും ആരംഭിച്ചിട്ടുണ്ട്. സാമൂഹിക വിഷയങ്ങളിലും പാവപ്പെട്ടവരെ സഹായിക്കാനും താന്‍ മുന്നിട്ട് ഇറങ്ങുമെന്ന് മനാഫ് പറഞ്ഞിരുന്നു. ‌‌

അതേ സമയം മനാഫിന്‍റെ യൂട്യൂബ് ചാനലിന്‍റെ സബ്സ്ക്രൈബേഴ്സ് 5 ലക്ഷം കഴിഞ്ഞു. അര്‍ജുനെ കണ്ടെത്തിയതിന് ശേഷം യുട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞിരുന്നു.

‘യൂട്യൂബ് ചാനലില്‍ അവര്‍ക്കുണ്ടായ ബുദ്ധിമുട്ട് അര്‍ജുന്‍റെ ഫോട്ടോ വച്ചു എന്നുള്ളതാണ്. അ‍ത് ഞാന്‍ മാറ്റി. അക്കാര്യം ഇനി പറയേണ്ട ആവശ്യമില്ല. അര്‍ജുന്‍റെ വിഷയം ഇത്ര വലിയ നിലയില്‍ കൊണ്ടുവന്നതും ജനശ്രദ്ധയിലേക്ക് എത്തിച്ചതും മാധ്യമപ്രവര്‍ത്തകരാണ്. അവര്‍ ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും അര്‍ജുനെ തിരികെ വീട്ടിലെത്തിക്കാന്‍ കഴിയുമായിരുന്നില്ല. മനാഫ് ചെയ്തതിനേക്കാള്‍ ജോലി ചെയ്തത് മാധ്യമപ്രവര്‍ത്തകരാണ്. അവരില്‍ ഓരോരുത്തരെയും എനിക്കറിയാം. എത്രമാത്രം അവര്‍ കഷ്ടപ്പെട്ടിട്ടുണ്ടെന്നും അറിയാം. ഞാന്‍ പോലും ഒരു ഘട്ടത്തില്‍ വിചാരിച്ചു, ഞാന്‍ നിലകൊള്ളുന്നത് എന്‍റെ ജോലിക്കാരനുവേണ്ടിയാണ്. ഈ മാധ്യമപ്രവര്‍ത്തകരുടെ സ്ഥിതി അതല്ല. അവരില്‍ പലരുടെയും ആരോഗ്യസ്ഥിതി അത്ര മോശമായിരുന്നു, മൂന്നുഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നിന്നുപോയിരുന്നു. ഈ ഘട്ടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇല്ലാത്ത സമയത്ത് അവര്‍ തന്നെയാണ് എന്നോട് ആവശ്യപ്പെട്ടത് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍. എന്തെങ്കിലും പുതിയ വിവരം വന്നാല്‍ അപ്ഡേറ്റ് ചെയ്യാന്‍ വേണ്ടിയായിരുന്നു അത്. ഞാന്‍ പലപ്പോഴും അവിടെ ഏകനായിരുന്നു. എനിക്ക് ജനങ്ങളോട് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ അതില്‍ ഇടാം എന്നൊരു തോന്നലും ഉണ്ടായിരുന്നു. ഞാന്‍ ഒറ്റയ്ക്കാണ്, അപ്പോള്‍ എനിക്ക് ഒരു യൂട്യൂബ് ചാനലുണ്ടെങ്കില്‍ ഒരു സുരക്ഷിത ബോധം ഉണ്ടാകും എന്നൊരു തോന്നലും വന്നു. എന്തെങ്കിലും സംഭവിച്ചാല്‍പെട്ടെന്ന് അറിയിക്കാമല്ലോ.ടിവി ചാനലുകളില്‍ എപ്പോഴും എന്നെക്കുറിച്ച് പറഞ്ഞിരുന്നത് ലോറിയുടമ മനാഫ് എന്നാണ്. അതുകൊണ്ടാണ് യൂട്യൂബ് ചാനലിന് ആ പേരിട്ടത്. എനിക്ക് സ്വന്തം ചാനലിന് ഇഷ്ടമുള്ള പേരിടാം. പക്ഷേ ഈ ചാനലിന് അങ്ങനെ പേരുവന്നതിലെ വസ്തുത ഇതാണ്.

യൂട്യൂബില്‍ എങ്ങനെയാണ് ലൈവ് ഇടുക എന്നത് മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് എനിക്ക് പഠിപ്പിച്ചുതന്നത്. ഞാന്‍ എന്റെ മനസ് താളംതെറ്റി നില്‍ക്കുന്ന സമയമാണ്. അപ്പോള്‍ ആരോടെങ്കിലും ഒന്ന് സംസാരിക്കുമ്പോള്‍ എനിക്ക് ഒരു ആശ്വാസം കിട്ടിയിരുന്നു. ഞാന്‍ ഇന്നുവരെ ആ ചാനല്‍ മോണിറ്റൈസ് ചെയ്തിട്ടില്ല. ഇന്നലെ വരെ പതിനായിരം സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നത് ഇപ്പോള്‍ രണ്ടരലക്ഷത്തിന് മുകളിലായി. അതായത് ജനങ്ങള്‍ ഇത് വേറെ ഏതോ ലെവലിലേക്ക് കൊണ്ടുപോകുകയാണ്.

ഞാന്‍ അര്‍ജുനെ ഇവിടെ എത്തിച്ചശേഷം ആ യൂട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടേയില്ല. അതിനര്‍ഥം ഇനി ഉപയോഗിക്കില്ല എന്നല്ല. ആദ്യം അങ്ങനെയാണ് ഉദ്ദേശിച്ചിരുന്നത്. മറ്റേതെങ്കിലും യൂട്യൂബര്‍ അതുപയോഗിച്ച് അതില്‍ നിന്ന് ലഭിക്കുന്ന പണം ചാരിറ്റിക്ക് ഉപയോഗിച്ചോട്ടെ എന്നായിരുന്നു കരുതിയത്. യൂട്യൂബ് ചാനലില്‍ത്തന്നെ അക്കാര്യം പറഞ്ഞിരുന്നു ’ മനാഫിന്‍റെ വാക്കുകള്‍  

ENGLISH SUMMARY:

arjun lorry owner manaf viral on social media